പി വി അൻവർ രാജിവച്ചു1 min read

തിരുവനന്തപുരം : പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെയാണ് രാജി.ഇന്ന് രാവിലെ സ്‌പീക്കർ എഎൻ ഷംസീറിനെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.

തന്റെ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് അൻവർ നേരത്തേ നീക്കം ചെയ്‌തിരുന്നു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനില്‍ക്കെയാണ് രാജി.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എംഎല്‍എ സ്ഥാനം തടസമാണ്. നിയമസഭയുടെ കാലാവധി തീരും മുമ്ബ് അൻവർ മറ്റൊരു പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി.

കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിവി അൻവർ ചേർന്നത്. നിലവില്‍ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകള്‍ ഏകോപിപ്പിക്കുന്നതിന് എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്‌ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നല്‍കിയതായും വിവരമുണ്ട്‌.

അൻവറിനെ യുഡിഎഫില്‍ എടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ഇതുവരെ വന്നിട്ടില്ല. നിലമ്ബൂരില്‍ വീണ്ടും മത്സരിച്ച്‌ തന്റെ കരുത്ത് സർക്കാരിനും എല്‍ഡിഎഫിനും മുന്നില്‍ തെളിയിക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *