തിരുവനന്തപുരം :യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പുതിയ രണ്ട് കേസുകള്‍ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി ജി പി ഓഫീസിലേക്കുള്ള മാര്‍ച്ചിന്റെ പേരിലുള്ള കേസില്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണുക്കുക. നേരത്തെ റിമാൻഡിലായ കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ രാഹുല്‍ ജയിലില്‍ തുടരും. ഇന്നലെ രജിസ്റ്റര്‍ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് ഇന്ന് ജാമ്യം കിട്ടിയത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രാഹുലിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ നിരവധി നേതാക്കള്‍ രാഹുലിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
നവകേരളസദസിനു നേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബര്‍ 20ന് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസില്‍ എം.എല്‍.എമാരായ ഷാഫി പറമ്ബില്‍, എം. വിൻസെന്റ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാലാം പ്രതിയാണ്.