തിരുവനന്തപുരം :ദേശീയ ജനാധിപത്യ സഖ്യം തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പാറശ്ശാല നിയോജക മണ്ഡലത്തിൽ സന്ദർശനം നടത്തി. രാവിലെ 9 മണിക്ക് ആര്യങ്കോട് പഞ്ചായത്തിലെത്തി കീഴാറൂർ രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നെയ്യാറ്റിൻകര സബ് ജയിലിൽ വച്ച് മരണമടഞ്ഞ കീഴാറൂർ സ്വദേശി ബൈജുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മൈലച്ചൽ ഗ്രാമ പഞ്ചായത്തിലെ പ്രവർത്തകരുമായി മുഖാമുഖം നടത്തി.തുടർന്ന് മൈലച്ചൽ ഇവാഞ്ചലിക്കൽ ചർച്ചിലെത്തി മോസ്റ്റ് റവറൻ്റ് ജോർജ് ഈപ്പനുമായും ചെമ്പൂര് സി എസ് ഐ ചർച്ചിലെത്തി ഫാദർ സന്തോഷ് കുമാറുമായും കൂടിക്കാഴ്ച നടത്തി.
ഒറ്റശഖരമംഗലം പഞ്ചായത്തിൽ എസ് എൻ ഡി പി ആലച്ചൽക്കോണം ശാഖാ പ്രസിഡൻ്റ് ആനക്കുഴി സുരേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ചു; തുടർന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ നായരെയും കരയോഗം എൻ എസ് എസ് ഭാരവാഹികളെയും കളിവിളാകത്തെ വീട്ടിലെത്തി കണ്ടു. കള്ളിക്കാട് ഗ്രാമപഞ്ചായത്തോഫീസിലെത്തിയ രാജീവ് ചന്ദ്രശേഖറെ പ്രസിഡൻ്റ് പന്ത ശ്രീകുമാറും ഭരണസമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കള്ളിക്കാട് ആർ സി, സി എസ് ഐ, ലൂഥറൻ മിഷൻ ചർച്ചുകളിലും തേവൻകോട് ചിന്താലയ ആശ്രമത്തിലും എത്തിയ ശേഷം അമ്പൂരി പഞ്ചായത്തിൽ വൈകുന്നേരം നാല് മണിയോടെ എത്തി. അമ്പൂരി ആർ സി ചർച്ചും സി എസ് ഐ ചർച്ചും സന്ദർശിച്ചു.പള്ളിക്കമ്മറ്റി ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് എസ്എൻഡിപി കുട്ടമല ശാഖാ പ്രസിഡൻ്റ് ചന്ദ്രൻ , വാഴിച്ചൽ എൻ എസ് എസ് കരയോഗം സെക്രട്ടറി ശേഖരൻ എന്നിവരെ വീട്ടിലെത്തി കണ്ടു. ‘വെള്ളറട കരിമ്പുമണ്ണടിയിൽ എസ് എൻ ഡി പി ഭാരവാഹികളുമായും വിമുക്ത ഭടൻമാരുമായും ചർച്ച നടത്തി.അഞ്ചു മങ്കാല സി എസ് ഐ ചർച്ച് ഭാരവാഹികളെയും എൻ എസ് എസ് കരയോഗം ഭാരവാഹികളെയും നേരിൽ കണ്ടു തുടർന്ന് മുതിർന്ന ബിജെപി പ്രവർത്തകരെ കണ്ടു. കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ സ്കൂളിൽ മാനേജർ റ്റി.സതീഷ് കുമാർ, പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി എന്നിവർ പൊന്നാടയണിയിച്ച് രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ചു.സ്കൂൾ അധ്യാപകരും ജീവനക്കാരും ബി ജെ പി പ്രവർത്തകരും പങ്കെടുത്തു. ഇവിടെ നടന്ന ചടങ്ങിൽ കോൺഗ്രസ് വനിതാ സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി വേങ്കോട് അജിതകുമാരിയെ ഷാളണിയിച്ച് രാജീവ് ചന്ദ്രശേഖർ ബി ജെ പി യിലേക്ക് സ്വീകരിച്ചു. ഏഴ് മണിയോടെ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകരോടൊപ്പം റോഡ് ഷോ ആരംഭിച്ചു.പാറശ്ശാല ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിലും ജംഗ്ഷനിലെ കാമരാജ് പ്രതിമയിലും ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച ശേഷം ആശുപത്രി ജംഗ്ഷനിൽ തിരിച്ചെത്തി.