തിരുവനന്തപുരം: ”സാര്‍ ജയിക്കും, പൊഴിയൂരിലെ ജനങ്ങള്‍ സാറിനോടൊപ്പമുണ്ട്.” 60കാരിയായ ആയിത്ത പറഞ്ഞ വാക്കുകളാണ്.
കമ്മ്യുണിസ്റ്റും കോണ്‍ഗ്രസുകാരും വോട്ട് വാങ്ങി ജയിച്ച ശേഷം തീരവാസികളെ പിന്നെ തിരിഞ്ഞ് നോക്കാറില്ലെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ മത്സ്യതൊഴിലാളി പറഞ്ഞു. ഇന്നലെ വൈകിട്ട് പൊഴിയൂര്‍ ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ നൂറുകണക്കിന് പ്രദേശവാസികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. സ്ഥാനാര്‍ത്ഥിക്ക് ജയ് വിളിച്ചും വിജയാരവം മുഴക്കിയുമെത്തിയവര്‍ കടലോരവാസികളുടെ നന്ദിയറിയിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ആവേശതിരത്തള്ളലിലായിരുന്നു ഇന്നലെ പൊഴിയൂര്‍ നിവാസികള്‍. കടലാക്രമണം എന്ന തീരാദുരിതത്തിന് പരിഹാരം ഉണ്ടാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു അവരില്‍ നിറയെ. തങ്ങള്‍ക്കിനി സ്വസ്ഥമായി ജീവിക്കാം എന്നവര്‍ പറയുന്നുണ്ടായിരുന്നു.
”നിങ്ങള്‍ ഇത്തവണ എന്നെ ജയിപ്പിച്ചാല്‍ ഞാന്‍ എംപിയാകും. നിങ്ങളുടെ മന്ത്രിയുമാകും. എന്നാല്‍ നിങ്ങളുടെ ഏത് ആവശ്യത്തിനും ഞാന്‍ നിങ്ങളില്‍ ഒരാളായി എന്നുമുണ്ടാകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു.” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പൊഴിയൂരിനെ സംരക്ഷിക്കാന്‍ പുലിമുട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബറും അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ ഉത്തരവുമായിയാണ് രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ പൊഴിയൂരിലെത്തിയത്. താന്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ, കൂടുതല്‍ സഹായങ്ങള്‍ തീരവാസികള്‍ക്കായി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ.
കടലാക്രമണത്തില്‍ തകര്‍ന്ന പൊഴിയൂരിലെ തീരദേശം സന്ദര്‍ശിച്ചവേളയില്‍ മന്ത്രിയോട് തങ്ങളുടെ ദുരിതങ്ങള്‍ പ്രദേശവാസികള്‍ അറിയിച്ചിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ട് കണ്ട് മനസിലാക്കിയ അദ്ദേഹം വിഷയം അടിയന്തിരമായി കേന്ദ്ര ഫിഷറീസ് മന്ത്രി ബോധ്യപ്പെടുത്തി. തീരശോഷണം തടയാന്‍ അടിയന്തിര നടപടി എന്ന നിലയിലാണ് താല്‍ക്കാലിക പദ്ധതി തയ്യാറാക്കിയത്. പൊഴിയൂരിന്റെ ദുരിതത്തിന് പരിഹാരം കാണുമെന്ന വാക്കുനല്‍കി ആറാം നാള്‍ നടപടിയുണ്ടായി. പൊഴിയൂര്‍ മുതല്‍ കൊല്ലങ്കോട് വരെയുള്ള ഭാഗത്ത് താത്കാലിക പരിഹാരം എന്ന നിലയില്‍ തീരദേശ ശോഷണം തടയാന്‍ പുലിമുട്ടുകളും പൊഴിയൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഹാര്‍ബറും സ്ഥാപിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനീയറിംഗ് സാങ്കേതിക സഹായം നല്‍കും. തീരശോഷണം തടയാന്‍ അടിയന്തര നപടി എന്ന നിലയിലാണ് താത്കാലിക പദ്ധതി തയ്യാറാക്കുക. അതിനുശേഷം ദീര്‍ഘകാല പരിഹാരം എന്ന നിലയില്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് പ്രധാന്‍ മന്ത്രി മത്സ്യ സമ്പതാ പദ്ധതിയിലൂടെ മത്സ്യബന്ധന തുറമുഖവും പുലിമുട്ടുകളും സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വിവരം കേന്ദ്ര ഫിഷറീസ് മന്ത്രാലയം രേഖാമൂലം രാജീവ് ചന്ദ്രശേഖരിനെ അറിയിക്കുകയായിരുന്നു.
തീരദേശത്ത് ഇടതു വലതു മുന്നണികളില്‍ നിന്നും ബിജെപിയിലെത്തിയ മത്സ്യത്തൊഴിലാളികളെയും യുവാക്കളെയും സ്ഥാനാര്‍ത്ഥി ഷാള്‍ അണിയിച്ചു. മത്സ്യത്തൊഴിലാളി നല്‍കിയ ചായ കുടിച്ചശേഷമാണ് മടങ്ങിയത്. ബിജെപി ജില്ലാ പ്രസിഡന്റ് വിവി. രാജേഷും ജനറല്‍സെക്രട്ടറി ഗിരികുമാറും ഒപ്പമുണ്ടായിരുന്നു