നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി രാജീവ് ചന്ദ്രശേഖര്‍1 min read

തിരുവനന്തപുരം: അയ്യാ വൈകുണ്ഠ സ്വാമികളുടെ ചിത്രത്തിനുമുന്നിലും മഹാത്മാ അയ്യങ്കാളിയുടെയും സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയും ശ്രീനാരായണഗുരുദേവന്റെ ജന്മഗൃഹം, ചെമ്പഴന്തി ഗുരുകുലം സന്ദര്‍ശിച്ചും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത മഹാത്മാക്കളുടെ സ്മരണ എക്കാലവും നിലനിര്‍ത്താന്‍, ഈ സ്മാരകങ്ങളെ എന്നും പവിത്രമായി നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ ഒമ്പതിന് ശ്രീനാരായണഗുരുദേവന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിലെത്തിയ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുകുലം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അഭയാനന്ദ, ഗുരുകുലത്തിലെ മറ്റ് സന്ന്യാസിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മണയ്ക്കല്‍ ക്ഷേത്രത്തില്‍ തൊഴുതു പുഷ്പാര്‍ച്ചന നടത്തി. ബിജെപി പ്രവര്‍ത്തകരും ആശ്രമഭക്തരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
തൈക്കാട് വൈകുണ്ഠ സ്വാമി ധര്‍മ്മ പരിപാലന യോഗം ആസ്ഥാന ഓഫീസില്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വി.എസ്.ഡി.പി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖര്‍ സ്വീകരിച്ചു. വൈകുണ്ഠ സ്വാമിയുടെ ചിത്രത്തിന് മുന്നില്‍ രാജീവ് ചന്ദ്രശേഖര്‍ പുഷ്പാര്‍ച്ചന നടത്തി. വി.എസ്.ഡി.പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശ്യാം ലൈജു , ജില്ലാ പ്രസിഡന്റ് അരുണ്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുണ്ഠ സ്വാമി സ്മൃതി മണ്ഡപത്തെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സാമൂഹിക പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായ മഹത്മാ അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂര്‍ പാഞ്ചജന്യത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പുഷ്പാര്‍ച്ചന നടത്തി. സാധുജന പരിപാലന സംഘം സംസ്ഥാന, ജില്ലാ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.

മഹാത്മ അയ്യന്‍കാളിയുടെ 186 മത് ജന്മവാര്‍ഷികം ഈ വര്‍ഷം വിപുലമായ രീതിയില്‍ ആഘോഷിക്കുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. സാധുജന പരിപാലന കരയോഗം പ്രസിഡന്റ് കെ.എസ്. ചന്ദ്രലേഖ, സെക്രട്ടറി അനില്‍ വെങ്ങാനൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *