തിരുവനന്തപുരം: തീരദേശവാസികള്‍ ഇന്ന് അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ മാറിമാറി ഭരിച്ച ഇടതു പക്ഷവും കോണ്‍ഗ്രസ്സും തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ഒന്നും ചെയ്തില്ല. തീരദേശത്തു വസിക്കുന്ന മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങളെ അവര്‍ കബളിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാച്ചല്ലൂര്‍ പനത്തുറയിലെത്തിയ അദ്ദേഹം തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ കോട്ട ശേഷം അവരോട് സംസാരിക്കുകയായിരുന്നു.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. മോദി സര്‍ക്കാരില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ തീരദേശവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. അത് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന ഗ്യാരന്റിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പാച്ചലൂര്‍ പനത്തുറ സുബ്രമണ്യ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം തീരദേശവാസികളുമായി സംവദിച്ചത്. ഉച്ചയ്ക്ക് 12 ന് ക്ഷേത്ര ദര്‍ശനം നടത്താനെത്തിയ അദ്ദേഹത്തെ തീരദേശ വാസികളും ഭക്തരും പാച്ചല്ലൂരിലെ ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തീരദേശ വാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ നിരത്തി. ക്ഷേത്രഭാരവാഹികളുമായും സ്ഥാനാര്‍ത്ഥി ചര്‍ച്ച നടത്തി.