അയോധ്യ :രാം ലല്ല ഇപ്പോൾ ടെന്റിലല്ല ദിവ്യ മന്ദിരത്തിലാണെന്ന് പ്രധാനമന്ത്രി. അയോധ്യ രാം ലല്ല പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഒരു തീയതി മാത്രമല്ല ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓർത്തുവയ്ക്കും. ഇത് വെെകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോള്‍ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണ്. ഇതിലൂടെ ഒരു പുതിയ കാലഘട്ടമാണ് ഉദയം കൊണ്ടത്. രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം പതിറ്റാണ്ടുകളായി തുടർന്നിരുന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ – മോദി പറഞ്ഞു.
ഇത്ര കാലം ക്ഷേത്രനിർമാണം വെെകിയതില്‍ രാമനോട് ക്ഷേമ ചോദിക്കുന്നു. തന്നോട് രാമൻ ക്ഷമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമൻ അഗ്നിയല്ല ഊർജ്ജമാണെന്നും രാമൻ ഒരു തർക്കമല്ല പരിഹാരമണെന്നും മോദി പറഞ്ഞു. രാമൻ നമ്മുടേമാത്രമല്ലെന്നും എല്ലാവരുടേതുമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാമക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റു വിശിഷ്‌ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിലാണ് നടന്നത്. ഉച്ചയ‌്ക്ക് 12.10 ഓടെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിച്ചേർന്നത്. കൈയില്‍ കിരീടവും പട്ടുമേന്തി ഗർഭഗൃഹത്തിനകത്തേക്ക് കടന്ന മോദി പ്രതിഷ്‌ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് എന്നിവർ ശ്രീകോവിലില്‍ സന്നിഹിതരായിരുന്നു. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള 14 ദമ്പതി കൾ ‘മുഖ്യ യജമാൻ’ പദവിയില്‍ ചടങ്ങില്‍ സംബന്ധിച്ചു.