മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് ഞാൻ :ശശി തരൂർ1 min read

24/11/22

തിരുവനന്തപുരം :മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് തനാണെന്ന് ശശി തരൂർ. മേയർക്കെതിരെ കോൺഗ്രസ്‌ നടത്തുന്ന സമരത്തിന്റെ 19ാം ദിവസമാണ് സ്ഥലം എം.പി സമരപ്പന്തലിലെത്തുന്നത്.മേയര്‍ രാജിവയ്ക്കണമെന്ന് സമരത്തിന് പിന്തുണ അറിയിച്ച്‌ സംസാരിച്ച ശശി തരൂര്‍ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ ഭരണഘടന പറയുന്ന പോലെ പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്ത് മേയര്‍ ആയ ആള്‍ അതുപോലെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഭരണഘടനാ പദവിയില്‍ എത്തിയ ശേഷം പാര്‍ട്ടി പ്രതിനിധിയെ പോലെ പ്രവര്‍ത്തിക്കുന്നത് സത്യപ്രതിജ്ഞ ലംഘനവും പൗരന്മാരോടുള്ള വഞ്ചനയുമാണ്.

മേയര്‍ രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണ്. നവംബര്‍ ഏഴിനാണ് ഈ ആവശ്യം താന്‍ മുന്നോട്ടുവച്ചത്. ചിലര്‍ അത് മറന്നുവെന്ന് തോന്നുന്നുവെന്ന് വി.ഡി സതീശനുള്ള പരോക്ഷ മറുപടിയും ശശി തരൂര്‍ പ്രസംഗത്തിനിടെ പറഞ്ഞു. തിരുവനന്തപുരത്ത് ഇത്രയും വലിയ പ്രതിഷേധം നടക്കുമ്പോൾ ശശി തരൂര്‍ മലബാര്‍ പര്യടനം നടത്തുന്നതിനെ വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.

 

പ്രതിഷേധിച്ചവരോട് പോലീസ് നടത്തിയ ക്രൂരത ക്ഷമിക്കാന്‍ കഴിയില്ല. നാല് കെഎസ്.യു കുട്ടികള്‍ 18 ദിവസമായി ജയിലിലാണ്. 14 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയിലിലാണ്. മഹിള കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറെ അടിച്ച്‌ ആശുപത്രിയിലാക്കി. രണ്ട് പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.എങ്ങനെയാണ് ഈ സര്‍ക്കാരും കോര്‍പറേഷനും പോലീസും ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുന്നത്. ഇതൊന്നും അംഗീകരിക്കാനോ ക്ഷമിക്കാനോ കഴിയില്ല. എല്ലാ മലയാളിക്കും ഒരു സര്‍ക്കാര്‍ ജോലിയില്‍ എത്താന്‍ അവകാശമുണ്ട്. ആ അവകാശത്തെ ഹനിച്ച്‌ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മേയര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു. യുഡിഎഫ് സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും ശശിതരൂര്‍ പറഞ്ഞു.

മേയറുടെ രാജി ആവശ്യപ്പെട്ടത് ഇപ്പോഴും മാധ്യമങ്ങളിലുണ്ട്. താന്‍ പറയുന്നതൊന്നും വെറുതെല്ല. ഇത്രയും ദിവസമായിട്ടും താന്‍ നിലപാട് മാറ്റിയിട്ടില്ലെന്നും തരൂര്‍ പറയുന്നു. കോര്‍പറേഷനില്‍ യുഡിഎഫ് നടത്തുന്ന സമരത്തിന് തന്റെ പിന്തുണ അറിയിക്കാനാണ് എത്തിയതെന്നും ശശി തരൂര്‍  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *