സതീശൻ പാച്ചേനി.. കോൺഗ്രസ്‌ സഖാവ്1 min read

27/10/22

കണ്ണൂർ :ചുവന്ന മണ്ണിൽ നിന്നും കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി വരെയായ സതീശൻ പാച്ചേനി യുടെ വിടവാങ്ങൾ കോൺഗ്രസിന് തീരാ നഷ്ടമായി.

കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ അമരത്ത് എത്തിയ കര്‍മ നിരതനായ നേതാവ് .മാര്‍ക്‌സിസം ചുവപ്പിച്ച പാച്ചേനിയുടെ മണ്ണില്‍ നിന്ന് മാത്രമല്ല, കടുത്ത കമ്മ്യൂണിസ്റ്റ് പാരമ്പര്യ കുടുംബത്തില്‍ നിന്ന് കൂടിയാണ് സംസ്ഥാന കോണ്‍ഗ്രസ്സിന്റെ മുന്‍ ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി . പ്രമാദമായ മാവിച്ചേരി കേസില്‍ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ജയില്‍ ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സഖാവ് പാച്ചേനി ഉറുവാടന്റെ കൊച്ചു മകനാണ് സതീശന്‍ പാച്ചേനി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും, മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി 5 നാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനിയുടെ ജനനം. അടിയന്തരാവസ്ഥയ്ക്കു ശേഷം അതിന്റെ ദുരുപയോഗത്തിനെതിരെ ഗുവാഹത്തിയില്‍ നടന്ന എ.ഐ.സി.സി. സമ്മേളനത്തില്‍ എ.കെ. ആന്റണി നടത്തിയ വിമര്‍ശനാത്മകമായ പ്രസംഗമാണ് ഇദേഹത്തെ ആദ്യം ആന്റണിയിലേക്കും പിന്നീട് കോണ്‍ഗ്രസ്സിലെക്കും ആകര്‍ഷിച്ചത്.

1979 ല്‍ പരിയാരം ഗവ.ഹൈസ്‌ക്കൂളിലെ ആദ്യ ബാച്ചില്‍ തന്നെ കെ.എസ്.യു. യൂനിറ്റ് രൂപികരിച്ച്‌ അതിന്റെ പ്രസിഡന്റ് ആയാണ് സതീശന്‍ രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. 1984 ല്‍ കണ്ണൂര്‍ ഗവ.പോളി ടെക്‌നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് പഠിക്കവെ അവിടെ കെ.എസ്.യു.യൂനിറ്റ് പ്രസിഡന്റ് ആയി.1985 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം ജേക്കബ് കേരളത്തില്‍ സ്വകാര്യ പോളി ടെക്‌നിക്ക് അനുവദിച്ചതിനെതിരെ നടത്തിയ സമരത്തിലൂടെയാണ് സതീശന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാവുന്നത്. 1986 ല്‍ കെ.എസ്.യു. കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയും തൊട്ടടുത്ത വര്‍ഷം ജില്ലാ വൈസ് പ്രസിഡന്റുമായി.1989-1993 കാലയളവില്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം, തൊണ്ണൂറ്റിമൂന്നു മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഈ യുവ നേതാവ് 1999 ല്‍ കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡന്റായും നിയമിക്കപ്പെട്ടു.

ഇതിനിടെ ഇരിങ്ങല്‍ യു.പി. സ്‌കൂളില്‍ തന്റെ അധ്യാപകനായിരുന്ന നിലവിലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ 1996 ല്‍ തളിപ്പറമ്ബ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു.ഇതിനിടെ കണ്ണൂര്‍ എസ്.എന്‍. കോളേജ്, പയ്യന്നൂര്‍ കോളേജ് എന്നിവിടങ്ങളിലായി ബിരുദം പൂര്‍ത്തിയാക്കി. 2001 ലും 2006 ലും സാക്ഷാല്‍ വി.എസ്. അച്യുതാനന്ദനെതിരെ മലമ്ബുഴയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തിറക്കിയത് സതീശനെയായിരുന്നു. 2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചു 2001 മുതല്‍ തുടര്‍ച്ചയായ പതിനൊന്നു വര്‍ഷക്കാലം കെ.പി.സി.സി. സെക്രട്ടറി സ്ഥാനം വഹിച്ചു .ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ ആയി ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു.കേന്ദ്ര ഗവ :കീഴിലുള്ള കപ്പാര്‍ഡ് ഡയരക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ഥാനമുള്ളപ്പോഴും, ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേയെ ജനകീയാന്‍ ആക്കുന്നത് .

തളിപ്പറമ്പ്അര്‍ബന്‍ സഹകരണ ബേങ്കില്‍ ജോലി ചെയ്യുന്ന കെ.വി.റീനയാണ് ഭാര്യ. കോഴിക്കോട് ദേവഗിരി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ജവഹറും ഉറുസിലിന്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുന്ന സാനിയയുമാണ് മക്കള്‍.തളിപ്പറമ്ബ് കാര്‍ഷിക വികസന ബേങ്ക് സെക്രട്ടറി സുരേഷ് പാച്ചേനി സഹോദരനും,സിന്ധു,സുധ എന്നിവര്‍ സഹോദരിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *