ദുരന്തമുഖത്തെ സേവന മാതൃക ;സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി മുന്നോട്ട് ;വിലക്കേർപെടുത്തിയ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി തള്ളി1 min read

25/8/22

കൊച്ചി :സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ നിന്നും സേവാഭാരതിയെ ഒഴിവാക്കിയ കണ്ണൂർ കളക്ടറുടെ നടപടി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു.

ആരോപണങ്ങളിന്മേല്‍ അന്വേഷണം നടത്താതെയാണ് കളക്ടര്‍ സേവാഭാരതിയ്‌ക്കെതിരെ നടപടി എടുത്തത്. കളക്ടറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊറോണ കാലത്ത് സേവാ ഭാരതിയെ റിലീഫ് ഏജന്‍സിയാക്കി ഉത്തരവിട്ട കളക്ടര്‍ പിന്നീട് ഇത് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദമാണെന്ന ആരോപണം ശക്തമായിരുന്നു.

2021 മെയ് 24നായിരുന്നു സേവാഭാരതിയെ റിലീഫ് ഏജന്‍സിയാക്കിക്കൊണ്ടുള്ള ഉത്തരവ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ റദ്ദാക്കിയത്. ഇടത് സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു നടപടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി കാണിച്ച മികവിനെ തുടര്‍ന്ന് മെയ് 22ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ തന്നെയായിരുന്നു സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചത്.

കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് ബാധിച്ച്‌ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് ചികിത്സയ്ക്ക് ആയുഷ് 64 മരുന്ന് തയാറാക്കി രാജ്യവ്യാപകമായി വിതരണത്തിനെത്തിച്ചു. മരുന്നു വിതരണം എന്‍ജിഒകള്‍ വഴിനടത്താനും നിര്‍ദേശിച്ചു. അതനുസരിച്ച്‌ കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ തലവന്‍കൂടിയായ കളക്ടറെ വിതരണ സന്നദ്ധത അറിയിച്ച്‌ സേവാ ഭാരതി സമീപിച്ചു. മറ്റാരും രോഗബാധ ഭയന്ന് തയാറാകാഞ്ഞപ്പോഴാണ് സേവാഭാരതി മരുന്ന് വിതരണം ഏറ്റെടുത്ത് സേവനത്തിനായി മുന്നോട്ടെത്തിയത്. മെയ് 24 ന് സേവാഭാരതിയെ മരുന്ന് വിതരണത്തിന് നിയോഗിച്ച്‌ കളക്ടര്‍ ഉത്തരിവിറക്കി. വാര്‍ത്ത വന്‍ പ്രചാരം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തില്‍ പിണറായി സര്‍ക്കാര്‍ ഇടപെട്ട് കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്യിച്ചു. ഈ റദ്ദാക്കല്‍ ഉത്തരവാണ് കോടതി റദ്ദാക്കിയത്.

സേവാഭാരതി രാഷ്‌ട്രീയ പക്ഷമുള്ള സംഘടനയാണെന്നായിരുന്നു ഇടത് സംഘടനകളുടെ ആരോപണം. സേവാഭാരതി രാഷ്ട്രീയ പക്ഷമുള്ള സംഘടനയാണെന്നും അവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങള്‍ വിനിയോഗിക്കുന്നുവെന്നും മറ്റും ഗ്രാമപഞ്ചായത്ത് അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. എന്നാല്‍ ഇതിനെതിരേ സേവാ ഭാരതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതികളിലെ കൃത്യത ഉറപ്പാക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്‌ച്ച പറ്റി. പ്രാഥമിക അന്വേഷണവും നടത്തിയില്ല. പിന്‍വലിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷം സേവാഭാരതിയുടെ ഭാഗം കേട്ടില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് അന്നത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു. സേവാഭാരതിക്ക് അനുകൂലമായി സിംഗിള്‍ ബെഞ്ച് ഉത്തരവുമിറക്കി. എന്നാല്‍ ഇതിലും തൃപ്തിയില്ലാതെ സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയായിരുന്നു. സര്‍ക്കാരിന്‍റെ അപ്പീല്‍ ഹര്‍ജി ഡിവിഷന്‍ ബെഞ്ചും തള്ളി.

Leave a Reply

Your email address will not be published. Required fields are marked *