തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ(മാനേജിങ് കൗൺസിൽ) തീരുമാനം ഗവർണർ തടഞ്ഞു.
സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്നും അവർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോർട്ട് പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി(മാനേജിങ് കൗൺസിൽ) ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിൽ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനിൽക്കെയാണ് ഇപ്പോൾ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം.
വെറ്ററിനറി യൂണിവേഴ്സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇത്തരം സംഭവങ്ങൾ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ടതല്ലെന്നും, യൂണിവേഴ്സിറ്റിയുടെതീരുമാനം
റദ്ദാക്കണമെന്നും
കുറ്റക്കാർക്കെതിരെ നടപടിയെടുക്കുവാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സിദ്ധാർത്ഥന്റെ മാതാപിതാക്കളും, സേവ് യൂണിവേഴ്സിറ്റിക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
കോളേജ് ഡീനിനേയും അസിസ്റ്റന്റ്
വാർഡനേയും തിരികെ സർവീസിൽ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാൻ വിസമ്മതി ച്ച വിസി ഡോ:കെ.എസ്.അനിൽ ഇത് സംബന്ധിച്ച് മേൽ നിർദ്ദേശങ്ങൾക്കായി രാജ്ഭവൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് കൗൺസിൽ തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ്.