തിരുവനന്തപുരം :കേന്ദ്രസർക്കാർ നടപ്പാക്കുന്ന ലേബർ കോഡുകൾക്കെതിരെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാർ ഒരുമിച്ച് പ്രതിരോധം തീർക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പശ്ചിമ ബംഗാൾ തൊഴിൽ വകുപ്പ് മന്ത്രി മോളോയ് ഘട്ടക്കുമായി കൊൽക്കത്തയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം പറഞ്ഞത്. കേന്ദ്രം പാസാക്കിയ
ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമാണ്. ഇക്കാര്യത്തിൽ യോജിച്ച പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കുന്ന കാര്യം പരിഗണിക്കാനും കൂടിക്കാഴ്ചയിൽ ഇരു മന്ത്രിമാരും തീരുമാനിച്ചു.
കേരളത്തിലെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും ക്ഷേമനിധി ബോർഡുകളെക്കുറിച്ചും മന്ത്രി വി ശിവൻകുട്ടി പശ്ചിമബംഗാൾ തൊഴിൽ മന്ത്രിയോട് വിശദീകരിച്ചു. കേരളം അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയും മന്ത്രി ചൂണ്ടിക്കാട്ടി.