കേരളത്തിൽ ഒന്നാം ക്ലാസ്സ്‌ പ്രവേശനം 5വയസിൽ തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി1 min read

29/3/23

തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനം 5വയസിൽ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി. വി. ശിവൻകുട്ടി

അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ് നാട്ടില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന രീതിയെന്നും സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശനം പ്രായം വര്‍ധിപ്പിക്കാന്‍ കഴിയൂവെന്നും അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുളള അവസരം ഉണ്ടാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് മാനണ്ഡം നടപ്പാക്കണമെന്ന് നിര്‍ദേശിച്ച്‌ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഫെഡറല്‍ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കാനുളള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്‌കൂള്‍ പ്രായത്തിലുളള മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നു. പഠനത്തുടര്‍ച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ് എന്നാല്‍ ദേശീയ അടിസ്ഥാനത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *