തിരുവനന്തപുരം :കുട്ടികളിൽ പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ രൂപംകൊടുത്ത പദ്ധതിയായ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).ഇന്ന് കിതക്കുന്ന അവസ്ഥയിലാണ്.തുടക്കത്തിൽ കുട്ടിപോലീസ് എന്ന് വിളിച്ച് കളിയാക്കിയവർക്കിടയിൽ കൈയടി നേടിയ അഭിമാന പദ്ധതിയായ SPC യെ ഏറെക്കുറെ ഉപേക്ഷിച്ചമട്ടിലാണ്.
2010ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുണ്ടായിരുന്നു. മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ, ഐ ജി വിജയൻ ഇവരുടെ ക്രിയാത്മക ഇടപെടൽ SPC ക്ക് സമൂഹത്തിൽ ഉന്നതമായ ജനപ്രീതി ലഭിക്കാൻ ഇടയായി.
പക്ഷെ ഇന്ന് ഉച്ച ഭക്ഷണ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് സംസ്ഥാനത്തെ പ്രധാനധ്യാപകർ വലയുമ്പോൾ ഒപ്പം ദുരിതം വഹിക്കുകയാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ചുമതല വഹിക്കുന്ന അധ്യാപകരും . പല സ്‌കൂളുകളിലും എൻസിസി പദ്ധതി ഫണ്ടിങ് ലഭ്യതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴാണ് മുൻ വർഷത്തേതിന്‍റെയടക്കം വലിയൊരു തുക കുടിശികയോടെ എസ്‌പിസി ചുമതലയുള്ള കമ്മ്യൂണിറ്റി പൊലീസ് ഓഫിസർ അധ്യാപകർ വലയുന്നത്.
എട്ട്, ഒൻപത് ക്ലാസുകളിൽ നിന്നായി 88 വിദ്യാർഥികളാണ് ഒരു എസ്‌പിസി ബാച്ചിൽ ഉണ്ടാവുക. നിലവിൽ സംസ്ഥാനത്തെ ആയിരത്തിലേറെ സ്‌കൂളുകളിൽ എസ്‌പിസി യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇവരുടെ ഭക്ഷണത്തിനും മറ്റുമായുള്ള റിഫ്രഷ്മെന്‍റ് ഫണ്ടാണ് സർക്കാർ നൽകാനുള്ളത്. പരേഡുകൾക്ക് ശേഷം വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിനും മറ്റുമുള്ള ചെലവാണിത്. എന്നാൽ ഇപ്പോൾ ഈ ചെലവ് മുഴുവൻ വഹിക്കുന്നത് അധ്യാപകരും സ്‌കൂളും ചേർന്നാണ്.
വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാനാണ് സർക്കാർ നിർദേശം ഇതിനായി. ഒരു വിദ്യാർഥിക്ക് 15 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇങ്ങനെ 60,000 രൂപ റിഫ്രഷ്മെന്‍റ് ഫണ്ടിനും 88,000 രൂപ യൂണിഫോമിനും ആയാണ് സർക്കാർ നൽകുക. ഇതിൽ യൂണിഫോമിന്‍റെ പൈസ മാത്രമേ പൂർണമായും നൽകിയിട്ടുള്ളു. റിഫ്രഷ്മെന്‍റ് ഇനത്തിൽ മുൻ അക്കാദമിക വർഷത്തെ മുപ്പതിനായിരം രൂപയും ഈ വർഷത്തെ മൂന്ന് മാസത്തെയും ഫണ്ട് കുടിശികയാണ്. കൂടാതെ കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാർക്കുള്ള പ്രതിമാസ ഓണറേറിയമായ 750 രൂപയും മുടങ്ങിയ അവസ്ഥയാണ്.
ചെലവായ തുകയുടെ കണക്കുകളുടെ ബില്ലുകൾ അടക്കം സമർപ്പിച്ചിട്ടും പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ഇതുവരെ അനുകൂലമായ യാതൊരു സമീപനവും എടുത്തിട്ടില്ല. നാല് പീരിഡുകളുടെ സമയം ഒരുമിച്ച് ആഴ്‌ചയിൽ ഒന്നുവീതമാണ് എസ്‌പിസി വിദ്യാർഥികൾക്ക് പരേഡ് ഉണ്ടാവുക. ചുട്ടുപൊള്ളുന്ന വേനലിലും മറ്റുമായാണ് പരിശീലനം നടക്കുക. ഇതിനുപുറമെ ഒരു അക്കാദമിക വർഷത്തിൽ മൂന്ന് ക്യാമ്പുകളും. ഇവിടെയും വിദ്യാർഥികൾ ശാരീരികമായി നല്ലവണ്ണം അധ്വാനിക്കണം. എന്നാൽ ഇതേ അധ്വാനം നടത്തുന്ന എൻസിസി വിദ്യാർഥികൾ സുഭിക്ഷമായ ഭക്ഷണം കഴിക്കുമ്പോൾ എസ്‌പിസി വിദ്യാർഥികൾക്ക് ലഭിക്കുന്നത് ലഘുഭക്ഷണം മാത്രം. കേന്ദ്രം ഫണ്ട് ചെയ്യുന്ന എൻസിസിക്ക് ഒരു വിദ്യാർഥിക്ക് 60 രൂപ എന്ന നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്.
സർക്കാർ കാണിക്കുന്ന അലംഭാവം വിദ്യാർഥികളെ അറിയിക്കാതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് അധ്യാപകർ പറയുന്നു. എന്നാൽ ഈ ഇനത്തിൽ വലിയൊരു തുകയാണ് അധ്യാപകർ വഹിക്കേണ്ടി വരുന്നത്. ഇത് കാരണം പല അധ്യാപകരും ചുമതലയിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നുണ്ട്. ഒരേ സ്‌കൂളിൽ തന്നെ എസ്‌പിസി എൻസിസി വേർതിരിവ് ഉണ്ടാവുന്നതിൽ വിദ്യാർഥികളും പരാതി പറയുന്നുണ്ട്. സർക്കാർ നിശ്ചയിച്ച തുക എസ്‌പിസിയുടെ കാര്യക്ഷമമായ നടത്തിപ്പിന് മതിയാവില്ല എന്നറിയാമെങ്കിലും കുടിശിക എങ്കിലും നൽകണം എന്നതാണ് അധ്യാപകരുടെ ആവശ്യം.
പുറമെ നിന്നുമുള്ള സഹായം ലഭിക്കാൻ സാധ്യതയില്ലാത്ത സ്കൂളുകളിൽ SPC ചുമതലയുള്ള അധ്യാപകരുടെ ശമ്പളത്തിൽ നിന്നും ചെലവിനുള്ള തുക കണ്ടെത്തുന്നു. ചില അധ്യാപകർ അവരുടെ PF തുക പോലും കുട്ടികൾക്ക് ഭക്ഷണത്തിന് വേണ്ടി തുകകൾ ചെലവാക്കുന്ന സംഭവങ്ങൾ കണ്ടുവരുന്നുണ്ട്. ഇങ്ങനെ അധികനാൾ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന ആശങ്കയിലാണ് CPO മാർ.