14/10/22
തിരുവനന്തപുരം :സൂപ്പർ താരം സുരേഷ് ഗോപി ബിജെപി കോർ കമ്മറ്റിയിൽ.ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍. സാധാരണ പ്രസിഡന്റും മുന്‍പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കുന്നത്.
പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം സുരേഷ് ഗോപി തന്നെയായിരുന്നു.
സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ സുരേന്ദ്രന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കിയാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. രാജ്യസഭ കാലാവധി അവസാനിച്ചതിനു ശേഷം പൊതുരംഗത്ത് സജീവമല്ല സുരേഷ് ഗോപി. പാര്‍ട്ടി രംഗത്ത് സജീവമാകാന്‍ സുരേഷ് ഗോപിയോട് കേന്ദ്രം നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുപ്രധാന ചുമതല നല്‍കിയത്.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ സുരേന്ദ്രന്റെ കാലാവധി അവസാനിക്കുമ്പോൾ സുരേഷ് ഗോപിയെ പകരക്കാരനായി തെരഞ്ഞെടുക്കാനാണ് കേന്ദ്ര ബിജെപി നേതൃത്വം ആലോചിക്കുന്നത്. സുരേഷ് ഗോപിയുടെ പൊതു സ്വീകാര്യത കേരളത്തില്‍ ബിജെപിക്ക് നേട്ടമാകും എന്നാണ് വിലയിരുത്തല്‍. ഇതുവഴി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.