ഷംസീറിനെ സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റണം ;രാഷ്‌ട്രപതിക്ക് പരാതി നൽകി അഭിഭാഷകൻ1 min read

3/8/23

തിരുവനന്തപുരം :ഷംസീറിനെതിരെ രാഷ്‌ട്രപതിക്ക് പരാതി.അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്.

സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീ‌ര്‍ ആ സ്ഥാനത്ത് തുടരാൻ അര്‍ഹനല്ലെന്നും പരാതിയില്‍ പറയുന്നു. കൂടാതെ സ്പീക്ക‌ര്‍ പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ മുറിവുണ്ടാക്കുന്ന പ്രസ്താവനയാണ് സ്പീക്കര്‍ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് അഭിഭാഷകൻ പരാതിയില്‍ വ്യക്തമാക്കി.

അതേസമയം, ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ലെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍ പറഞ്ഞു. കേരളം മത നിരപേക്ഷതയുടെ മണ്ണാണ്. ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയേയും അനുവദിക്കരുതെന്നും ഷംസീര്‍ പറഞ്ഞു. മലപ്പുറത്തെ സ്‌കൂള്‍ കെട്ടിട ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കാവിവത്കരിക്കുകയാണ്. തന്നെ എതിര്‍ക്കാം. എന്നാല്‍ വസ്തുതകളല്ലാത്തത് പ്രചരിപ്പിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

‘എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് ഒരുപോലെ ഒന്നിച്ചിരിക്കാൻ സാധിക്കണം. അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാൻ സാധിക്കണം. അതാണ് കേരളം. നോമ്ബുതുറക്കാൻ മുസ്ലീം സഹോദരങ്ങളല്ലാത്തവരെ ക്ഷണിക്കുന്നു. ഓണം കേരളീയരുടെ ദേശീയ ആഘോഷമാണെങ്കിലും അത് മുഖ്യമായും ആഘോഷിക്കുന്നത് ഹിന്ദുമത വിശ്വാസികളാണ്. അവര്‍ മുസ്ലീം സഹോദരങ്ങളെ ക്ഷണിക്കുന്നു. ഇതാണ് കേരളം. വൈകുന്നേരത്തെ ബാങ്കുവിളി കേള്‍ക്കുമ്ബോഴാണ് സന്ധ്യാനാമം ജപിക്കേണ്ട കാര്യം ഹിന്ദുമതവിശ്വാസികള്‍ക്ക് ഓര്‍മവരുന്നത്. അതാണ് കേരളം. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഉണ്ടാകേണ്ടത്.’- ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *