തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യത. സാധാരണ ഉള്ളതിനേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയരാനാണ് സാധ്യത.
താപനില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്ന്നേക്കാവുന്നതാണ്.
ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇന്നലെ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 35.8 ഡിഗ്രി സെല്‍ഷ്യസാണ് പുനലൂരിലെ താപനില. ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ 34.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ പകല്‍ 11.00 മണി മുതല്‍ 3.00 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ, നിര്‍ജലീകരണം തടയാൻ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.