തിരുവനന്തപുരം :പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
സ്റ്റേഷന് സമീപത്തുള്ള ഓടയുടെ അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 20 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു
ഹൈദരാബാദ് എല്‍പി നഗര്‍ സ്വദേശികളായ അമര്‍ദീപ് – റബീന ദേവി ദമ്ബതികളുടെ മകള്‍ മേരിയെ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കാണാതായത്. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓള് സെയിന്റ്സ് കോളേജിന് തൊട്ടുമുമ്ബുള്ള പ്രദേശത്തായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ഇവിടെയെത്തി കുട്ടിയുടെ വസ്ത്രങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.
കുട്ടിയെ കാണാതായ പരാതി അറിയിച്ചത് മുതല്‍ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രി 12.30 ഓടെ കുട്ടിയെ പ്രായമുള്ളയാളും യുവാവും ചേര്‍ന്ന് സ്കൂട്ടറിന് നടുവിലിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്ന് ഒരാള്‍ മൊഴി നല്‍കിയിരുന്നു.
അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കുട്ടിക്കായി അന്വേഷണം നടത്തിയത്. തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്ന കുട്ടിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്ത് എത്തിയത്..