16/6/22
തിരുവനന്തപുരം :വീൽ ചെയറിൽ ഡോക്ടറെ കാണാൻ എത്തിയ വിമുക്ത ഭടന് ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പേയാട് സ്വദേശിയും, വിമുക്ത ഭടനുമായ അജിത കുമാറിനാണ് ഈ ദുർവിധി ഉണ്ടായത്.വീൽ ചെയറിൽ ഇരിക്കുന്ന രോഗിയെ താൻ പരിശോധിക്കാറില്ല എന്നാണ് ഡോക്ടർ പറഞ്ഞതെന്നും, പരിശോധിക്കുക മാത്രമല്ല , പരിശോധന റിപ്പോർട്ട് പോലും നോക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും അജിത കുമാർ പറയുന്നു. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും, ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അജിത കുമാർ പറയുന്നത് ഇങ്ങനെ.
“എട്ടു വർഷങ്ങൾക്കു മുമ്പുള്ള ഒരു വീഴ്ച. അതിന്റെ പരിണതഫലമായി നട്ടെല്ലിന് ഗുരുതരമായ ക്ഷതം. പിന്നീടുള്ള ജീവിതം വീൽ ചെയറിലും. ജീവിതം വഴിമുട്ടി എന്നും, വരാനിരിക്കുന്ന ദിനരാത്രങ്ങൾ അർത്ഥശൂന്യങ്ങളാണ് എന്നും തോന്നിയ നാളുകൾ. പക്ഷെ പിടിച്ചു നിന്നു . കഴിയുംവിധം മുന്നോട്ടു തന്നെ സഞ്ചരിച്ചു. അതിനു കാരണമായത് നിശ്ചയദാർഢ്യവും ആത്മവിശ്വാസവും. പിന്നെ തുണയായി വീട്ടുകാരുടെ നിർലോഭമായ സഹായവും പ്രാർത്ഥനയും . ഒപ്പം സ്നേഹിക്കുന്നവർ പകർന്നു നൽകിയ ധൈര്യവും .
ഇത്രയും ആമുഖം. ഇനി കാര്യത്തിലേക്ക് കടക്കാം.
കുറച്ചു ദിവസങ്ങളായി വയറിനു കലശലായ അസ്വസ്ഥത. വേദനയും മലബന്ധവും ഒക്കെ ചേർന്ന അതികഠിനമായ വൈഷമ്യം. എത്തിച്ചേരാൻ എളുപ്പമുള്ള ആശുപത്രിയിൽ സഹധർമ്മിണിയെയും കൂട്ടിപ്പോയി ചികിത്സ തേടിയെങ്കിലും ആശ്വാസം കിട്ടിയിട്ടില്ല. ഒടുവിൽ വിദഗ്ധരുടെ അഭിപ്രായവും ഉപദേശവും പരിഗണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗാസ്ട്രോ മെഡിസിൻ വിഭാഗം മേധാവി ഡോ. കൃഷ്ണദാസിനെ കാണുവാൻ തീരുമാനിച്ചു. അതിനായി 8/6/ 22 ന് മെഡിക്കൽ കോളേജിൽ ചെന്നു. പക്ഷേ അന്ന് പി. ജി വിദ്യാർത്ഥികളായ ജൂനിയർ ഡോക്ടർമാരെ കാണുവാനേ കഴിഞ്ഞുള്ളൂ. വിവിധങ്ങളായ ലാബ് പരിശോധനകൾ നടത്തുവാൻ അവർ നിർദ്ദേശിച്ചതിൽ പ്രകാരം സാമ്പിളുകൾ നൽകി തിരികെ പോന്നു.
15/6/ 22 – ന് ലാബ് റിസൽറ്റുമായി ഡോ. കൃഷ്ണദാസിനെ കാണുവാനായി അദ്ദേഹത്തിന്റെ മുറിക്കു പുറത്ത് വീൽ ചെയറിൽ കാത്തിരുന്നു. ഊഴം ആയപ്പോൾ ഭാര്യ ഉള്ളിലേക്കു ചെന്നു വിവരം പറഞ്ഞു. പക്ഷേ വളരെ വിചിത്രവും അതിലേറെ ഞെട്ടൽ ഉളവാക്കുന്നതുമായ ഒരു മറുപടിയാണ് ഡോക്ടറിൽ നിന്നും ലഭിച്ചത് – “താൻ വീൽ ചെയറിലുള്ള രോഗികളെ കാണില്ലത്രെ. ആവശ്യമെങ്കിൽ ജൂനിയർമാരെ കണ്ടോളാൻ . എത്ര കേണപേക്ഷിച്ചിട്ടും ഒരു അലിവും ഇല്ലാതെ അദ്ദേഹം അതു തന്നെ ആവർത്തിച്ചു.
തനിയെ സഞ്ചരിക്കുവാനോ സ്വന്തമായി എഴുന്നേറ്റു നിൽക്കുവാനോ പോലും കഴിവില്ലാത്ത ഞാൻ പത്തു പതിനഞ്ചോളം കിലോമീറ്റർ യാത്ര ചെയ്ത് മെഡിക്കൽ കോളേജിൽ എത്തുന്നതിന്റെ ബുദ്ധിമുട്ട് അല്പമെങ്കിലും ചിന്താശേഷിയുളളവർക്കു മനസ്സിലാകും. എന്നെ അവിടെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും ഭാര്യ അനുഭവിക്കുന്ന കഷ്ടത, യാത്രയ്ക്കു വേണ്ട ചെലവ് തുടങ്ങിയവ എല്ലാം അതിൽ പെടും. അങ്ങനെയൊക്കെ ഉള്ള ഒരു രോഗിക്ക് – അതു ആരുമാകട്ടെ – അല്ലേ ചികിത്സയ്ക്കു പ്രഥമമായ പരിഗണന നൽകേണ്ടത് എന്നത് മാനുഷികമായ ഒരു ചോദ്യമാണ്. എന്നാൽ ഞാൻ പ്രത്യേകമായ ഒരു പരിഗണനയും ആവശ്യപ്പെട്ടില്ല, മറിച്ച് ഊഴം വരുന്നതും കാത്ത് ഏറെ നേരം ഇരിക്കുകയായിരുന്നു.
എന്റെ അവസ്ഥയിലുള്ള ഒരാളിന് ശാരീരികമായ മറ്റൊരു വേദനയോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസത്തിന്റെ കാഠിന്യം വിവരണാതീതമാണ്. അത്തരം ഒരു സന്ദർഭത്തിൽ ഒരു ഡോക്ടർ തന്നെ മനുഷ്യത്വം ഇല്ലാതെ പെരുമാറിയാലോ ? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗാസ്ട്രോ മെഡിസിൻ വിഭാഗത്തിലെ പ്രധാന ചികിത്സകനായ ഡോ. കൃഷ്ണദാസിൽ നിന്നും അതാണ് ഉണ്ടായത്.
ആ പെരുമാറ്റം എന്നിൽ ഏല്പിച്ച മാനസികാഘാതം എന്റെ നട്ടെല്ലു തകർത്തു കളഞ്ഞ ആ വീഴ്ച നൽകിയതിനെക്കാൻ വളരെ വലുതാണ്.