21/3/23
കണ്ണൂർ :വൈദേകം റിസോർട്ടിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.റിസോര്‍ട്ട് സമര്‍പ്പിച്ച രേഖകള്‍ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് രേഖകള്‍ ആവശ്യപ്പെട്ടത്. നികുതി സംബന്ധമായ മുഴുവന്‍ രേഖകളും ഈ മാസം 27ന് നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ നിലവില്‍ വിജിലന്‍സും റിസോര്‍ട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.
നേരത്തെ റിസോര്‍ട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകള്‍ ഇന്ന് ഹാജരാക്കാനാണ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. ഈ മാസം രണ്ടിന് ടിഡിഎസ് വിഭാഗം റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നല്‍കിയ രേഖകള്‍ അപൂര്‍ണമാണെന്നുളള കണ്ടെത്തലിനെ തുടര്‍ന്ന് നികുതി സംബന്ധമായ മുഴുവന്‍ രേഖകളും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
റിസോര്‍ട്ടിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ടിന് ആന്തൂര്‍ നഗരസഭ വഴിവിട്ട സഹായം തേടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെ തുടര്‍ന്ന് ആന്തൂര്‍ നഗരസഭ ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ഭാര്യക്കും മകനും 91 ലക്ഷത്തിന്റെ നിക്ഷേപമാണ് റിസോര്‍ട്ടിലുളളത്. വിവാദത്തിന് പിന്നാലെ ഓഹരി ഒഴിയുമെന്ന് ഇപി ജയരാജന്റെ കുടുംബം പറഞ്ഞിരുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനാണ് തീരുമാനം. വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദവുമുണ്ട്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടെ ഓഹരികളുമുണ്ട്.