വൈഗ കൊലക്കേസ് :സനു മോഹന് ജീവപര്യന്തം, മറ്റ് കുറ്റങ്ങൾക്ക് 28വർഷം കഠിന തടവ്1 min read

കൊച്ചി : വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കണ്ടെത്തിയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

ഐപിസി 302, 328, 201, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75, 77 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നല്‍കി, തെളിവു നശിപ്പിക്കല്‍, ബാലനീതി പ്രകാരം കുട്ടികളോടുള്ള ക്രൂരത, കുട്ടികള്‍ക്ക് മദ്യം നല്‍കല്‍ തുടങ്ങിയവയാണ് സനു മോഹനെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി നിരീക്ഷിച്ചു.

2021 മാര്‍ച്ച്‌ 22നാണ് വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശേരിക്കു സമീപം മുട്ടാര്‍ പുഴയില്‍ തള്ളിയെന്നാണ് കേസ്. ഭാര്യയോടുളള ദേഷ്യവും മകളോടുള്ള അമിതസ്‌നേഹവും കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയിലുമാണ് വൈഗയെ കൊന്ന് ഒളിവില്‍ പോകാൻ സനു മോഹനെ പ്രേരിപ്പിച്ചതെന്ന് തൃക്കാക്കര ഇൻസ്‌പെക്ടര്‍ കെ. ധനപാലൻ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

ഒരുമാസത്തോളം കൊച്ചി സിറ്റി പൊലീസിനെ വട്ടം ചുറ്റിച്ചതാണ് വൈഗ കൊലക്കേസ്. 2021 മാര്‍ച്ച്‌ 21നാണ് 13കാരി വൈഗ കൊല്ലപ്പെട്ടത്. പിറ്റേന്ന് മുട്ടാര്‍പുഴയില്‍ മൃതദേഹം പൊങ്ങിയെങ്കിലും പിതാവ് സനു ദുരൂഹമായി അപ്രത്യക്ഷനായതാണ് അന്വേഷണത്തെ വലച്ചത്. ഏപ്രില്‍ 19ന് കര്‍ണാടകയിലെ കാര്‍വാറില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായി 90 ദിവസം തികയുംമുമ്ബ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് സ്വാഭാവികജാമ്യം കിട്ടിയില്ല. സനു വില്‍ക്കുകയും വഴിയില്‍ എറിഞ്ഞുകളയുകയും ചെയ്ത ഫോണുകള്‍ കണ്ടെത്താനായത് കേസില്‍ നിര്‍ണായക തെളിവായി.

Leave a Reply

Your email address will not be published. Required fields are marked *