തിരുവനന്തപുരം :വാമനപുരം നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെത്തിയാല്‍ ഇനി പൊതുജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം പരിശോധിക്കാം. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളിലാണ് ഈ സൗകര്യം. ഡി. കെ മുരളി എം.എല്‍എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ് നവകേരള സദസിന്റെ ഭാഗമായി ഡിസംബര്‍ നാല് മുതല്‍ 14 വരെ സ്‌കൂളുകളില്‍ പ്രത്യേക ക്യാമ്പുകളൊരുക്കി ജീവാമൃതം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്, വി.എച്ച്.എസ്.എസ് മുളവന,ജി.വി.എച്ച്.എസ്.എസ് കല്ലറ, ജി.ജി.എച്ച്.എസ്.എസ് മിതൃമല, ജി.എച്ച്.എസ്.എസ് ഭരതന്നൂര്‍, ഇഖ്ബാല്‍ ഹൈസ്‌കൂള്‍ പെരിങ്ങമ്മല, എസ്.കെ.വി ഹൈസ്‌കൂള്‍ നന്ദിയോട്, എസ്.എന്‍.വി ഹൈസ്‌കൂള്‍ ആനാട്, പി.എച്ച്.എം.കെ.വി.എം വി.എച്ച്.എസ് പനവൂര്‍, ജനത ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തേമ്പാംമൂട് എന്നീ സ്‌കൂളുകളിലാണ് ലാബ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 1 മണിവരെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പരിശോധന ഫലത്തിനനുസരിച്ചുള്ള പരിഹാര നടപടികളും വേണ്ട നിര്‍ദ്ദേശങ്ങളും ലാബുകളില്‍ നിന്ന് ലഭിക്കുന്നതാണ്.