14/4/23
പാലക്കാട് :കേരളത്തിന് പ്രധാന മന്ത്രിയുടെ വിഷുക്കൈനീട്ടമായ വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിൽ എത്തി. പാലക്കാട് വന്‍ വരവേല്‍പ്പാണ് വന്ദേഭാരതിന് സ്റ്റേഷനില്‍ ലഭിച്ചത്. റെയില്‍വെ ജീവനക്കാരെ മാലയിട്ടും മധുരം വിതരണം ചെയ്തും സ്വീകരിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പ്രധാനമന്ത്രി മോദിയ്ക്കും ബിജെപി സര്‍ക്കാരിനും അഭിവാദ്യം അര്‍പ്പിച്ചു.
16 ബോഗികളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതരാണ് ട്രെയിന്‍ എറ്റെടുത്തത്. ഈ മാസം 22 തിരുവനന്തപുരത്ത് നിന്നും പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന.
വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയില്‍വേ ഓഫീസുകളില്‍ ലഭിച്ചത്. കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ വന്ദേഭാരത് യാത്രയ്ക്കിടയില്‍ അല്പനേരം നിര്‍ത്തിയിടുമെന്നും സൂചനയുണ്ട്.
അല്പ സമയത്തിന് മുൻപ് എറണാകുളത്തും വന്ദേ ഭാരത്തിന് ആവേശകരമായ സ്വീകരണം നൽകി. ഇനി കോട്ടയം വഴി വൈകുന്നേരം തിരുവനന്തപുരത്ത് എത്തിച്ചേരും.