തിരുവനന്തപുരം :വിസി മാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ രൂപീകരണത്തിലുള്ള വ്യക്തതയില്ലായ്മ ചൂണ്ടിക്കാട്ടി, ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ സർക്കാർ ഫയൽ ചെയ്ത ഹർജ്ജികളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കവേ, വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
യൂണിവേഴ്സിറ്റി നിയമപ്രകാരമുള്ള ചാൻസലറുടെ(ഗവർണർ)പ്രതിനിധിയെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയാണ് സർക്കാർ ഉത്തരവ്.നിയമസഭ പാസാക്കിയ, രാഷ്‌ട്രപതി തടഞ്ഞു വച്ച ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് സർക്കാർ ഇപ്പോൾ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്.
യുജിസി നോമിനിയായി പ്രൊ:നീലിമാ ഗുപ്ത, (വിസി, ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ മധ്യപ്രദേശ്,) യൂണിവേഴ്സിറ്റി പ്രതിനിധിയായി ഡോ:ബി. ഇക്ബാൽ(മുൻവൈസ് ചാൻസലർ കേരള സർവകലാശാല), സംസ്ഥാന സർക്കാർ പ്രതിനിധിയായി പ്രൊ:പി.രാജേന്ദ്രൻ (മുൻ വി.സി, കാർഷിക സർവകലാശാല), ഹയർ എഡ്യൂക്കേഷൻകൗൺസിൽ പ്രതിനിധിയായി പ്രൊ: രാമൻ സുകുമാർ റിട്ട:പ്രൊഫസർ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ), ഐസിഎ ആർ പ്രതിനിധിയായി ഡോ:രാഘവേന്ദ്ര ഭട്ട എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.ഡോ: ബി. ഇക്ബാൽ കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു .
വെറ്ററിനറി വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിസി യുടെ ഒഴിവിൽ ഡോ:കെ.
എസ്.അനിലിനാണ് വിസി യുടെ ചുമതല. സിദ്ധാർത്ഥന്റെ മരണത്തിന് ഉത്തരവാദികൾ എന്ന് കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി കോളേജിൽ നിന്ന് പുറത്താക്കുകയും ഹോസ്റ്റലിന്റെ ചുമലയുള്ള ഡീനിനെയും, വാർഡനെയും സസ്പെൻഡ് ചെയ്യുകയു മായിരുന്നു.ഡീനി നേയും വാർഡിനെയും തിരികെ സർവീസ് പ്രവേശിപ്പിക്കാൻ കഴിഞ്ഞ ആഴ്ച ചേർന്ന മാനേജിങ് കമ്മിറ്റി കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി ക്ക് വൈസ് ചാൻസലർ കത്തെഴുതിയതിന് തൊട്ടു പിന്നാലെയാണ് പുതിയ വിസി യെ നിയമിക്കാനുള്ള കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ്.
നാളിതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെ വിസി മാരെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവി റക്കുന്നത് ഗവർണറുടെ ഓഫീസാണ്. അതുകൊണ്ടുതന്നെ സർക്കാർ രൂപീകരിച്ച സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനലിൽ നിന്നും ഗവർണർ വിസി യെ നിയമിക്കുവാൻ സാധ്യത ഇല്ല.
കമ്മിറ്റി രൂപീകരണ കാര്യത്തിൽ കോടതിയുടെ ഉത്തരവ് വരുന്നത് വരെ വിസി നിയമനങ്ങൾ നീളും.