ഹിന്ദു മത വിശ്വാസത്തെ അവഹേളിച്ചു ;ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്1 min read

25/7/23

തിരുവനന്തപുരം :ഹിന്ദു വിശ്വാസത്തെ അവഹേളിച്ചു, ഷംസീറിനെതിരെ വിശ്വഹിന്ദു പരിഷത്ത്.സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഷംസീറിനെതിരെ പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനം നല്‍കും.

ഈ മാസം 30 ന് എറണാകുളത്ത് വച്ച്‌ നടക്കുന്ന വിഎച്ച്‌പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ മറ്റ് പ്രതിഷേധ പരിപാടികളെ കുറിച്ച്‌ തീരുമാനമെടുക്കും. വിഎച്ച്‌പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍ സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്ന് പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് ഉണ്ടായതെന്ന് പറഞ്ഞു. സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടിരുന്നു.

ബിജെപിയും ഷംസീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് ആണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂര്‍ത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീര്‍ പ്രസംഗിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സ്പീക്കറുടെ പ്രസംഗം ഹിന്ദുമത വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചു. ഇസ്‌ലാം മതവിശ്വാസിയായ ഷംസീര്‍, ഹിന്ദു ദേവതാ സങ്കല്‍പ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നത് ഹിന്ദു മതത്തെയും ഹിന്ദു മത വിശ്വാസികളെയും പൊതുമധ്യത്തില്‍ അവഹേളിക്കുവാനും മത വിദ്വേഷം പ്രചരിപ്പിക്കാനുമാണെന്നും യുക്തിചിന്ത വളര്‍ത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നും ബിജെപി നേതാവിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ഇതിനിടെ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഷംസീര്‍ പരസ്യമായി ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *