ദത്തെടുത്ത കുട്ടികള്‍ക്ക് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം:ഈ വിഷയം പരിശോധിച്ച്‌ ഹൈകോടതി1 min read

കൊച്ചി:ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഇരകളാവുകയും പിന്നീട് ദത്ത് നല്‍കപ്പെടുകയും ചെയ്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തുക എങ്ങനെ നല്‍കാനാവുമെന്ന കാര്യത്തെപ്പറ്റി  ഹൈകോടതിയുടെ സ്വമേധയായുള്ള  പരിശോധന.

ക്രിമിനല്‍ കേസുകളിലെ ഇരയെന്ന നിലയില്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരത്തുക ദത്ത് കൈമാറിയശേഷം നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്നതടക്കമുള്ള  വിഷയമാണ് ജസ്റ്റിസ് കെ. ബാബു പരിശോധിക്കുന്നത്.

ദത്തുനല്‍കിയ കുട്ടിയുടെ ഡി.എൻ.എ പരിശോധന പിന്നീട് നടത്താനാവുമോയെന്ന വിഷയം സ്വമേധയാ പരിഗണിക്കുന്നതിന്‍റെ ഭാഗമായി ഇത്തരം നടപടികള്‍ കോടതി നേരത്തേ സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നഷ്ട പരിഹാരത്തിന്‍റെ കാര്യത്തിലും ഇപ്പോൾ  പരിശോധന നടത്തുന്നത്.

കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാതെ സ്വകാര്യത ഉറപ്പാക്കുക, നഷ്ടപരിഹാരത്തുക സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിയുടെ (സാറ) അക്കൗണ്ടില്‍ സൂക്ഷിച്ചശേഷം സാഹചര്യം വരുമ്പോൾ  എവിടെനിന്നാണ് പണമെന്ന് വെളിപ്പെടുത്താതെ ഇരക്ക് കൈമാറുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കേസിലെ അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സിംഗിള്‍ബെഞ്ച് വിശദമായി പരിശോധിക്കുന്നതാണ്.

പാലക്കാട്ട് കുട്ടിയെ കൊല്ലാൻ ശ്രമിച്ച മാതാവിന് വിചാരണ ക്കോടതി അടുത്തിടെ തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. പിഴത്തുക കുട്ടിക്ക് നല്‍കാൻ ഉത്തരവിട്ടതിനാല്‍ ഇതിനിടെ നിയമപ്രകാരം ദത്തുനല്‍കിയ കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കാൻ അഡോപ്ഷൻ സെന്‍ററിന് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, ദത്തെടുക്കല്‍ നിയമപ്രകാരം കുട്ടിയുടെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് അവര്‍ അറിയിച്ചു. കുട്ടിയുടെ വിവരങ്ങള്‍ കോടതി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടതോടെയാണ്  വിക്ടിം റൈറ്റ്സ് സെന്‍റര്‍ ഇക്കാര്യം സിംഗിള്‍ ബെഞ്ചിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുകയായിരുന്നു. തുടര്‍ന്ന്, ഇക്കാര്യം പരിഗണിക്കാൻ തീരുമാനിക്കുകയും നടപടികള്‍ സ്റ്റേ ചെയ്യുകയുമായിരുന്നു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *