27/6/22
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. വിജയ് ബാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ ഇന്ന് മുതല്‍ ജൂലൈ 3 വരെ നടനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും. 28,29,30 ദിവസങ്ങളിലും അടുത്ത മാസം 1,2,3 ദിവസങ്ങളിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് തുടരും. രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനിടെ ബലാത്സംഗം ചെയ്‌തെന്ന് നടി പരാതിപ്പെട്ടിട്ടുള്ള ഫ്‌ലാറ്റിലും വിജയ് ബാബുവിനെ തെളിവെടുപ്പിനായി എത്തിക്കും.
ഒരുമാസത്തിലധികം നീണ്ട നിന്ന ഒളിച്ച് കളിക്കും, നാടകങ്ങള്‍ക്കും ഒടുവില്‍ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസിന് അനുമതിയുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം. വിദേശത്തേക്ക് കടന്ന ജാമ്യത്തിന് ശ്രമിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചെങ്കില്‍ അത് പൊലീസിന് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നെന്നായിരുന്നു വിജയ് ബാബുവിന്റെ നിര്‍ദേശം. എന്നാല്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജാമ്യഘട്ടത്തില്‍ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.