യു പി യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യോഗി സർക്കാർ1 min read

22/2/23

ഉത്തർപ്രദേശ് :യു പിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റുമായി യോഗി സർക്കാർ. ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയാണ് ബജറ്റ് അവതരിപ്പിച്ചത്. യുപി മുഖ്യമന്ത്രിയായി രണ്ടാമതും അധികാരത്തിലെത്തിയ ശേഷം യോഗി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. യുവാക്കളെയും സ്റ്റാര്‍ട്ടപ്പുകളെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള ബജറ്റില്‍ സ്ത്രീകര്‍ക്കും കര്‍ഷകര്‍ക്കുമായും പ്രത്യേകം പ്രഖ്യാപനങ്ങളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി 3,600 സ്മാര്‍ട്ട്ഫോണുകളും ടാബ്ലറ്റുകളും വിതരണം ചെയ്യുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ 

പ്രധാനമന്ത്രി ആവാസ് യോജന

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2021-2022 വര്‍ഷത്തില്‍ സംസ്ഥാനത്ത് 4,33,536 വീടുകളുടെ നിര്‍മാണത്തിനാണ് അനുമതി ലഭിച്ചത്. ഇതില്‍ 4,24,344 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിച്ചു വരികയാണെന്ന് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.

മുഖ്യമന്ത്രി കന്യാ സുമംഗല യോജന

പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന മുഖ്യമന്ത്രി കന്യാ സുമംഗല യോജന പ്രകാരം ഒരു ഗുണഭോക്താവിന് 15,000 രൂപ വരെ ലഭിക്കും. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഈ പദ്ധതിക്കായി 1050 കോടി രൂപ വകയിരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു.

കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിക്ക് 584 കോടി രൂപ, ആഗ്ര മെട്രോ റെയില്‍ പദ്ധതിക്ക് 465 കോടി രൂപ

2023-2024 സാമ്പത്തിക വര്‍ഷത്തില്‍, കാണ്‍പൂര്‍ മെട്രോ റെയില്‍ പദ്ധതിക്കായി 585 കോടി രൂപയും ആഗ്ര മെട്രോ റെയില്‍ പദ്ധതിക്കായി 465 കോടി രൂപയും ബജറ്റില്‍ വകയിരുത്തുമെന്നും പ്രഖ്യാപനമുണ്ട്.

ആരോഗ്യം

2023-2024 സാമ്പത്തിക വര്‍ഷത്തില്‍, സംസ്ഥാനത്തെ ഉപ-ആരോഗ്യ കേന്ദ്രങ്ങള്‍ക്കും (sub-health centers ) പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി (primary health centers) 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം, ഏകദേശം 407 കോടി രൂപ ചെലവഴിക്കും.

ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങളും അറിയിപ്പുകളും

  • വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും വിതരണം ചെയ്യാന്‍ 3600 കോടി രൂപയുടെ പദ്ധതി
  • സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 60 കോടി രൂപ വകയിരുത്തും.
  • ഗ്രാമപ്രദേശങ്ങളില്‍ പുതിയ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 20 കോടി രൂപ മാറ്റിവെയ്ക്കും.
  • യുവ അഭിഭാഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തും, അഭിഭാഷകരുടെ ക്ഷേമത്തിനായി 5 കോടി രൂപ മാറ്റിവെയ്ക്കും
  • വിധവാ പെന്‍ഷന്‍ പദ്ധതി പ്രകാരം നിര്‍ധനരായ സ്ത്രീകളുടെ ക്ഷേമത്തിനായി 4,032 കോടി രൂപ വകയിരുത്തും
  • കന്യാ സുമംഗല യോജനയ്ക്കായി 1050 കോടി രൂപ മാറ്റിവെയ്ക്കും.
  • സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി 600 കോടി രൂപ ബജറ്റില്‍ വകയിരുത്തും.
  • ഒബിസി വിഭാഗത്തിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി 150 കോടി രൂപ മാറ്റിവെയ്ക്കും.
  • പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലും ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയിലും വ്യവസായ ക്ലസ്റ്ററുകള്‍ കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
  • ഗോരഖ്പൂര്‍ പുര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയുടെ 50 ശതമാനത്തിലധികം നിര്‍മാണ പ്രവൃത്തനങ്ങള്‍ പൂര്‍ത്തിയായി.
  • മീററ്റിനും പ്രയാഗ്‌രാജിനുമിടയില്‍ 36,230 കോടി ചെലവില്‍ നിര്‍മിക്കുന്ന 5,004 കിലോമീറ്റര്‍ നീളമുള്ള ഗംഗ എക്സ്പ്രസ് വേയുടെ പ്രവൃത്തി പുരോഗമിച്ചു വരുന്നു.
  • പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഝാന്‍സി-ലിങ്ക് എക്‌സ്പ്രസ് വേയും ചിത്രകൂട്-ലിങ്ക് എക്‌സ്‌പ്രസ് വേക്കും അനുമതി
  • ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയിലെ പ്രതിരോധ ഇടനാഴിക്കായി 500 കോടി രൂപ മാറ്റിവെയ്ക്കും.
  • ഗൊരഖ്പൂര്‍ ലിങ്ക് എക്സ്പ്രസ് വേയില്‍ലെ വ്യവസായ ഇടനാഴിക്കായി 200 കോടി രൂപ വകയിരുത്തും.
  • യമുന എക്‌സ്‌പ്രസ്‌വേയില്‍ 10,000 കോടി ചെലവാക്കിയുള്ള ഫിലിം സിറ്റിയുടെ നിര്‍മാണം പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *