തിരുവനന്തപുരം :ജന്മനാ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനും, മാതാപിതാക്കൾക്കും 80ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിലൂടെ ചില സ്വകാര്യ ആശുപത്രികളുടെ വീഴ്ചകൾ സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് അഭിഭാഷകനായ സി. എസ്. രാജ്‌മോഹൻ .2015മുതൽ വിധി ദിവസം വരെ നീണ്ട ശക്തമായ നിയമ പോരാട്ടത്തിലൂടെയാണ് ഈ അഭിഭാഷകൻ കുട്ടിയുടെ രക്ഷിതാക്കൾക്ക് നീതി നേടികൊടുത്തത്.
വിദേശത്ത് സ്ഥിര താമസക്കാരായ ദമ്പതികൾ പ്രസവത്തിനും, ചികിത്സക്കുമായാണ് പത്തനംതിട്ട സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ (ന്യു ലൈഫ് ഫെർട്ടിലിറ്റി സെന്റർ )എത്തിയത്. തുടർന്നുള്ള എല്ലാ സ്കാനിംഗ് റിപ്പോർട്ടുകളിലും കുട്ടിയുടെ അവയവങ്ങളുടെ വളർച്ചയെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ കുട്ടിക്ക് അംഗവൈകല്യമുണ്ടെങ്കിൽ 18മത്തെ ആഴ്ചയിൽ സ്കാൻ നടത്തി കണ്ടെത്തൽ കഴിയുമെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്നോസിസ് മേധാവിയുടെ മൊഴിയും ദമ്പതികൾക്ക് തുണയായി.
ഇതിന്റെ അടിസ്ഥാനത്തിൽ
ഈ സമയങ്ങളിൽ ശരിയായ അനോമലി സ്കാൻ നടന്നില്ലെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
2015 ജനുവരി 10ന് സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന് കൈകാലുകളും ഇടുപ്പും ഇല്ലായിരുന്നു. ആശുപത്രിയിലെ 2ഗൈനകോളജിസ്റ്റുകളും കുട്ടിയുടെ അമ്മക്ക് ശരിയായ ചികിത്സ നൽകുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കോടതി വിധിച്ചു.
ഇതോടെ ആശുപത്രിയും, ചികിത്സ നടത്തിയ 2ഡോക്ടർമാരും ചേർന്ന് 50ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഇതിൽ 30ലക്ഷം കുട്ടിയുടെ പേരിൽ നിക്ഷേപിക്കണം,20ലക്ഷം മാതാപിതാക്കൾക്ക് നൽകണം. പരാതി നൽകിയ 2015മാർച്ച് മുതലുള്ള 8%പലിശയടക്കം ഏകദേശം 80ലക്ഷം നഷ്ട പരിഹാരം നൽകാൻ കമ്മീഷൻ ജൂഡിഷ്യൽ അംഗം ഡി. അജിത്‌കുമാർ, കെ. ആർ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവിട്ടത്. ആശുപത്രി ചെലവുകൾക്കായി 10000രൂപയും നൽകണമെന്ന് തുകകൾ 30ദിവസത്തിനുള്ളിൽ നൽകണമെന്നും അല്ലെങ്കിൽ 9%പലിശ നൽകണമെന്നും സുപ്രധാന വിധിയിൽ പറയുന്നു.