തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പഴുതടച്ച ക്രമീകരണങ്ങളുമായി ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പ്. രണ്ട് കൺട്രോൾ റൂമുകളും 60 വെഹിക്കിൾ പോയിന്റുകളും 50 എക്സിറ്റിങ്യൂഷർ പോയിന്റുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ഹോം ഗാർഡുകളുമടക്കം 400 അഗ്‌നിരക്ഷാസേനാംഗങ്ങൾ ഡ്യൂട്ടിയിലുണ്ടാകും. വെള്ളക്ഷാമമുണ്ടായാൽ പരിഹരിക്കാൻ മൂന്ന് പമ്പിംഗ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രധാന കൺട്രോൾ റൂം നമ്പർ: 0471 2333101.
*അടുപ്പുകൂട്ടുന്നതിന് മുമ്പ് ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ*
*അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കരുത്. ഇത്തരം ഇന്ധനങ്ങൾ കൈവശം സൂക്ഷിക്കാതിരിക്കുക.
*പെട്രോൾ പമ്പുകൾ, ട്രാൻസ് ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രം അടുപ്പ് കത്തിക്കണം.
*ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കണം. പൊങ്കാലയിടുന്ന ഒരാൾക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
*അടുപ്പുകൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം.
*സാരിത്തുമ്പുകൾ, ഷാളുകൾ, അയഞ്ഞ വസ്ത്രങ്ങൾ എന്നിവ ശരീരത്തോട് ചേർത്ത് ചുറ്റിവയ്ക്കുക. വസ്ത്രത്തിന്റെ തുമ്പ് അലക്ഷ്യമായി നീണ്ടുകിടക്കുന്നത് ഒഴിവാക്കണം.
*അത്യാവശ്യമുണ്ടായാൽ തീ അണയ്ക്കുന്നതിനായി സമീപത്ത് അൽപം വെള്ളം കരുതണം.
*പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക.
*അടുപ്പ് കത്തിക്കുന്നതിന് മുൻപായി അധികമുള്ള വിറക് സുരക്ഷിതമായി മാറ്റിവയ്ക്കണം.
*അടുപ്പ് കത്തിച്ച ശേഷം അണയ്ക്കുന്നതിന് മുൻപായി അവരവരുടെ സ്ഥാനം വിട്ട് മാറരുത്. അടുപ്പിൽ നിന്നും പുറത്തേയ്ക്ക് തീ പടരുന്നില്ല എന്നത് ഉറപ്പാക്കണം.
*പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥാനം വിട്ട് പോകുക. അടുപ്പിൽ നിന്നും മാറ്റുന്ന വിറകിലെ തീ പൂർണമായി അണച്ചുവെന്ന് ഉറപ്പാക്കണം.
*വസ്ത്രങ്ങളിൽ തീ പിടിച്ചാൽ നിലത്തുകിടന്ന് ഉരുളുക. സമീപത്ത് നിൽക്കുന്നവർ വെള്ളമൊഴിച്ചോ കട്ടിയുള്ള തുണികൊണ്ട് മൂടിയോ തീ അണയ്ക്കണം.
*കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിൽക്കുന്നതിന് അനുവദിക്കാതിരിക്കുക.
*അടിയന്തര സാഹചര്യങ്ങളിൽ ഫയർ ഫോഴ്‌സ് / പോലീസ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കണം.
*ഡ്യൂട്ടിയിലുള്ള ഫയർ ഫോഴ്‌സ് / പോലീസ് സേനാംഗങ്ങളുടെ സുരക്ഷ നിർദേശങ്ങൾ അനുസരിക്കണം.
*ഹൈഡ്രജൻ ബലൂണുകളും സമാന വസ്തുക്കളും തീർത്തും ഒഴിവാക്കണം.
*അടിയന്തിര ഘട്ടത്തിൽ 101ൽ ബന്ധപ്പെടണം.