ആറ്റുകാൽ പൊങ്കാല : ഹരിതചട്ട സന്ദേശവുമായി ശുചിത്വ മിഷന്റെ വാഹന പ്രചാരണം1 min read

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയിൽ സമ്പൂർണ ഹരിത ചട്ട പാലനം ഉറപ്പാക്കുന്നതിനും പൊങ്കാലക്കെത്തുന്നവർക്ക് അവബോധം നൽകുന്നതിനുമായി പ്രചാരണ പരിപാടികളുമായി ശുചിത്വ മിഷൻ. ഗ്രീൻ പ്രോട്ടോക്കോൾ വാഹന പ്രചാരണത്തിന്റെ ഫ്‌ളാഗ് ഓഫ് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ്, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി ശോഭ എന്നിവർ നിർവഹിച്ചു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി പ്രകൃതി സൗഹൃദ പൊങ്കാലയെന്ന സന്ദേശം പൊതുജനങ്ങലിലെത്തിക്കുകയാണ് ലക്ഷ്യം.

കൂടാതെ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി കർശന പരിശോധനകളും ഉത്സവ മേഖലകളിൽ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. നിയമലംഘനങ്ങൾക്കെതിരെ പിഴ ശിക്ഷയടക്കമുള്ള നടപടികൾ സ്വീകരിക്കും.

ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തുന്നവർ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കണം. പൊങ്കാലക്കെത്തുന്ന ഭക്തർ സ്റ്റീൽ ഗ്ലാസുകളും പ്ലേറ്റുകളും കരുതണം. കുടിവെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീൽ കുപ്പികളും കരുതണമെന്നും പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ നഗരത്തിൽ ഉപേക്ഷിച്ചു പോകരുതെന്നും ശുചിത്വ മിഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *