തിരുവനന്തപുരം :മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി സി ജോജോ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെയായിരുന്നു അന്ത്യം. പേട്ട എസ് എൻ നഗറിലെ വസതിയായ ഉത്രാടത്തിൽ നിന്ന് ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 10ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും. 11 ന് അവിടെ നിന്ന് കുടുംബ വീടായ കൊല്ലം മയ്യനാട് സുമതി ഭവനിലേക്ക് കൊണ്ടുപോവും. സംസ്കാരം അവിടെ വൈകുന്നേരം 4 ന് . സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് മയ്യനാട് സുമതി ഭവനിൽ.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെ കരുണാകരന്റെ രാജിയിലേക്ക് നയിച്ച പാമോയിൽ അഴിമിതി സംബന്ധിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ബി സി ജോജോ ആയിരുന്നു. മുല്ലപ്പെരിയാറിലേക്ക് വീണ്ടും എന്ന പുസ്‌തകം എഴുതിയിട്ടുണ്ട്.
1958ൽ കൊല്ലം മയ്യനാട്ട് ആയിരുന്നു ജനനം. ഡി ബാലചന്ദ്രനും പി ലീലാവതിയുമാണ്
മാതാപിതാക്കൾ . മയ്യനാട് ഹൈസ്‌കൂൾ, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്യൂണിക്കേഷൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മെയിൻ സ്‌ട്രീം, കാരവൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചശേഷം 85 ൽ കേരളകൗമുദിയിൽ ചേർന്നു. 2003 മുതൽ 2012 വരെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടർന്ന് വിൻസോഫ്‌റ്റ് ഡിജിറ്റൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്റെ സി ഇ ഒയുമായിരുന്നു. ഭാര്യ: ഡോ. ടി കെ സുഷമ (വർക്കല എസ് എൻ കോളെജ് ഹിന്ദി വിഭാഗം മുൻ മേധാവി), മക്കൾ: ജെ.എസ് ദീപു ( സീനിയർ അസോസിയറ്റ്, വാഡിയ ഗാന്ധി അഡ്വക്കേറ്റ്സ് ആൻ്റ് സോളിസിറ്റേഴ്സ്, മുംബയ്), ഡോ. ജെ.എസ് സുമി (അസിസ്റ്റൻ്റ് പ്രൊഫസർ, ഗോകുലം മെഡിക്കൽ കോളെജ്, വെഞ്ഞാറമൂട്) മരുമക്കൾ: ഡോ. സുരി രാജൻ പാലയ്ക്കൽ ( നെയ്യാർ മെഡിസിറ്റി ), അനീഷാകുമാർ (പ്രിൻസിപ്പൽ അസോസിയറ്റ്, ഡി എസ് കെ അഡ്വക്കേറ്റ് സ് ആൻ്റ് സോളിസിറ്റേഴ്സ്, മുംബയ്)
മുതിർന്ന മാധ്യമ പ്രവർത്തകനും അന്വേഷണാത്മക പത്രപ്രവർത്തകനുമായ ബി.സി. ജോജോയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു