കയ്യാങ്കളി നടന്നിട്ടില്ല ;വാർത്ത നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം1 min read

പത്തനംതിട്ട :തോമസ് ഐസകിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായെന്ന വാർത്ത നിഷേധിച്ച്‌ ജില്ലാ നേതൃത്വം.

ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കൈയാങ്കളി വിവാദം നിഷേധിച്ചുകൊണ്ട് സിപിഎം രംഗത്തെത്തിയത്. മുൻ എം.എല്‍എമാരായ രാജു എബ്രഹാം, എ. പദ്‌മകുമാർ, ജില്ലാകമ്മിറ്റിയംഗം പി.ബി ഹർഷകുമാർ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെതിരെ മാദ്ധ്യമങ്ങള്‍ നടത്തുന്ന വ്യാജപ്രചാരണമാണ് വാർത്തയ‌്ക്ക് പിന്നിലെന്ന് ഉദയഭാനു ആരോപിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

തോമസ് ഐസക്കിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷമായ തർക്കം ഉണ്ടായത്. പദ്‌മകുമാറും ഹർഷകുമാറും തമ്മിലാണ് തർക്കമുണ്ടായതെന്നും പ്രചരണങ്ങള്‍ പുറത്തുവന്നു. സംഭവം വൻവിവാദമായതോടെയാണ് നിഷേധിച്ചുകൊണ്ട് ജില്ലാ നേതൃത്വം രംഗത്തുവന്നത്.

അതേസമയം, തോമസ് ഐസക്കിനെതിരെ നേരത്തെ തന്നെ മണ്ഡലത്തില്‍ വിമർശനമുയർന്നിരുന്നു. കുടുംബശ്രീ, ഹരിതകർമ്മ സേന, ആശാ വർക്കർമാരെ അടക്കം ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുവെന്നാണ് യുഡിഎഫ് ഉന്നയിച്ച ആരോപണം. എന്നാലിത് ഐസക് നിഷേധിച്ചിരുന്നു.

കുടുംബശ്രീ യോഗം നടക്കുന്നുണ്ടെങ്കില്‍ അവിടെ സ്ഥാനാർത്ഥിയെന്ന നിലയില്‍ പോയി വോട്ട് അഭ്യർത്ഥിക്കുന്നതില്‍ തെറ്റില്ല. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടർ വിശദീകരണം തേടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുമായി തനിക്ക് വർഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാൻ താനായിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് തുടങ്ങിയതാണ്. അത് കെ ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ ഡിസ്‌ക് ആ ജോലി തുടരുക തന്നെ ചെയ്യും. സ്ഥാനാർത്ഥിയായതിനാല്‍ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും ഐസക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *