ഇ ഡി ക്ക് മുന്നിൽ ഹാജരാക്കില്ല, ഇ ഡി സമൻസ് പിൻവലിക്കണമെന്നും തോമസ് ഐസക്1 min read

 

കൊച്ചി :ഇ ഡി ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ച് മുൻ ധന മന്ത്രി തോമസ് ഐസക്. ഫെമ നിയമം ലംഘിച്ചെങ്കിൽ നടപടിഎടുക്കേണ്ടത് ആർ ബി ഐ ആണ്. അല്ലാതെ ഇ ഡി അല്ല. ഇ ഡി സമൻസ് പിൻവലിക്കണം, ബിജെപി യുടെ രാഷ്ട്രീയ തീരുമാനം ഇ ഡി നടപ്പിലാക്കുന്നുവെന്നും ഐസക് പറഞ്ഞു

ഇന്ന്രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കിഫ്ബിയുമായി ബന്ധപ്പെട്ട് എതു സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നല്‍കിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നല്‍കുമെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജന്‍സികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.

അതിനിടെ കിഫ്ബിയേയും മസാല ബോണ്ടുകളെയും പറ്റി വ്യക്തത നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സുകര്‍ക്കെതിരെയുള്ള മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദേശ നാണ്യ വിനിമയ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമന്‍സെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താന്‍ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ സമന്‍സുകളില്‍ പറയുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമപരമാണ്.കേരള ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെ‌ന്റ് ഫണ്ട് ആക്‌ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. സമന്‍സുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

കിഫ്ബിക്കെതിരായ ഇഡി നീക്കത്തിനെതിരെ അഞ്ച് എം എല്‍ എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. 73000 കോടി രൂപയുടെ പദ്ധതിയായ കിഫ് ബിയെ തകര്‍ക്കാന്‍ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹര്‍ജിയിലെ ആരോപണം. ബൃഹത്തായ പദ്ധതികള്‍ നിസ്സാര കാരണത്താല്‍ തകര്‍ക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ ലംഘനമാണിത്.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളിലേക്കുള്ള കടന്നു കയറ്റമെന്നും ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *