പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും വ്യാജ വോട്ടർമാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർഥി സി കൃഷ്ണകുമാർ.
ഏകദേശം ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ വ്യാജ വോട്ടർമാരാണ് പാലക്കാട് നിയോജക മണ്ഡലത്തിൽ ഇടം പിടിച്ചിട്ടുള്ളത്. കൃത്യമായ തെളിവുകളും രേഖകളും നൽകിയിട്ടും തിരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലകട്ർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും കൃഷ്ണ കുമാർ പറഞ്ഞു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 1,68,000 വ്യാജ വോട്ടുകൾ സിപിഎമ്മും, കോൺഗ്രസ്സും, മുസ്ലിം ലീഗും ചേർത്തിട്ടുണ്ട് .ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ അധികൃതർ തയാറാവുന്നില്ല. മൂന്നു തിരിച്ചറിയൽ കാർഡുകൾ ഉള്ളവർ വരെ കൊപ്പം പഞ്ചായത്തിൽ ഉണ്ട്. ഒരു ബൂത്തിൽ തന്നെ ഇരുപത്തി അഞ്ചോളം കള്ള വോട്ടർമാരെ ചേർത്തിട്ടുണ്ട് . മണ്ഡലത്തിലെ യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കി മറ്റു മണ്ഡലങ്ങളിൽ ഉള്ളവരെ ചേർക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക കുറ്റമറ്റതല്ല. കൃഷ്ണ കുമാർ പറഞ്ഞു
സിപിഎമ്മിന്റെ വോട്ട് മറിക്കലും, അതോടൊപ്പം തന്നെ ഇരട്ട വോട്ടുമാണ് പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ തവണ ബിജെപി പരാജയപ്പെട്ടതിന്റെ പ്രധാന കാരണം. ഇത്തവണ കള്ളവോട്ടുകൾ നീക്കം ചെയ്താൽ പാലക്കാട് നിയോജക മണ്ഡലത്തിൽ ബിജെപി ഇരുപത്തയ്യായിരത്തിൽ കൂടുതൽ വോട്ടുകൾക്ക് വിജയിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു .
പാലക്കാട് -ബാംഗ്ലൂർ വന്ദേ ഭാരത്; യാത്രാ പ്രശ്നം പരിഹരിക്കാൻ സി കൃഷ്ണ കുമാറിന്റെ വാഗ്ദാനം
പാലക്കാട്: പാലക്കാട് – ബാംഗ്ലൂർ യാത്രാ പ്രശ്നം പരിഹരിക്കാൻ വന്ദേ ഭാരത് കൊണ്ടുവരുമെന്ന് പാലക്കാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ വാഗ്ദാനം. തന്നെ ജയിപ്പിച്ചാൽ രണ്ടുമാസത്തിനുള്ളിൽ വന്ദേ ഭാരത് കൊണ്ട് വരുമെന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാർ.
പാലക്കാട് നിന്നും നിരവധി പേരാണ് ബാംഗ്ലൂരിൽ ജോലിക്കായും പഠനത്തിനായും പോകുന്നത്. ഇവരുടെ നിരന്തര ആവശ്യമാണ് മതിയായ ട്രെയിൻ സൗകര്യം എന്നത് . ഇതിനുള്ള പരിഹാരമെന്നോണമാണ് വന്ദേ ഭാരത് വാഗ്ദാനം.