ഡൽഹി :ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമുള്ള ബില്ലുകള്‍ ലോക്സഭ പാസാക്കി . ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യബില്‍ എന്നിവയാണ് പാസാക്കിയത്.
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയിരുന്നു. പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ആള്‍ക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീര്‍ഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു.
രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങി നിരവധി നേതാക്കള്‍ക്ക് വര്‍ഷങ്ങളോളം ജയില്‍ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഷാ പറഞ്ഞു.ഇന്ത്യയിലെ ക്രിമിനല്‍ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.