ബെംഗളൂരു: ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കും ഇതോടെ ചന്ദ്രയാൻ-3 നിദ്രയിലേക്ക് പോകുമെന്നാണ് അറിയിപ്പുള്ളത്.
രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രിയിലേക്ക് താഴുന്നു. കൊടും തണുപ്പിനെ ലാൻഡറും റോവറും എങ്ങനെ അതിജീവിക്കുമെന്ന് അറിയാൻ ഇനി രണ്ടാഴ്ച കാത്തിരിക്കണം. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയുണ്ടായത്.
ചന്ദ്രനില്‍ സൂര്യനുദിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തില്‍ 12 ദിവസം മാത്രമാണ് ലാൻഡറിനും റോവറിനും സമയം ലഭിച്ചുള്ളൂ.ഈ മാസം 16-17 തീയതികളിലായിരിക്കും ചന്ദ്രനില്‍ സൂര്യോദയമുണ്ടാകുക.
ഇത്രയും ദിവസങ്ങളില്‍ ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങള്‍ സ്ലീപിങ് മോഡിലേക്ക് മാറുമെങ്കിലും നാസയുടെ സഹായത്തോടെ നിര്‍മിച്ച ലേസര്‍ റിട്രോറിഫ്ലെക്ടര്‍ ആരേ ഉണര്‍ന്നിരിക്കുകയും ലാൻഡര്‍ എവിടെയാണെന്ന് അറിയിക്കുകയും ചെയ്യുന്നതാണ്.
അതേസമയം, ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിച്ചു. പിഎസ്എല്‍വി സി 57 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്.
എല്‍ വണ്ണിന് ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. ഭൂമിയില്‍ നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന് സ്ഥിതിചെയ്യുന്നത്.