സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എഎല്‍ 1 വിക്ഷേപണത്തിന് സജ്ജമായി1 min read

ബെംഗളൂരു: ചന്ദ്രന് പിന്നാലെ സൂര്യനെ കുറിച്ചുമുള്ള  പഠിക്കാനൊരുക്കവുമായി  ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എഎല്‍ 1 വിക്ഷേപണത്തിന് സജ്ജമായിരിക്കുകയാണ്. ബഹിരാകാശ പേടകം ഐഎസ്ആര്‍ഒയുടെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ എത്തിക്കഴിഞ്ഞു. പിഎസ്എല്‍ വി-സി57 ആണ് വിക്ഷേപണ വാഹനം.

‘സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യത്തെ ബഹിരാകാശ പേടകം ആദിത്യ-എല്‍1 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ സജ്ജമായ ഉപഗ്രഹം, ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി-എസ്എച്ച്എആറില്‍ എത്തി’, ഐഎസ്ആര്‍ഒ സമൂഹ മാധ്യമമായ എക്സില്‍ കുറിക്കുന്നു.

വിക്ഷേപണ തിയതി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്തംബറില്‍ വിക്ഷേപണം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂമിക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലാണ് (ലഗ്രാഞ്ച് പോയിന്റ് 1 അഥവാ എല്‍1) പേടകത്തെ സ്ഥാപിക്കുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഇവിടെനിന്ന് പേടകത്തിന് സൂര്യനെ തടസം കൂടാതെ നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ്.

സൂര്യന്‍ ശാന്തനല്ല, നിരന്തരമായ പ്രവര്‍ത്തനങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സൗരജ്വാലകള്‍, തുറസ്സായ സ്ഥലത്തേക്ക് പൊട്ടിത്തെറി, എന്നിങ്ങനെ നിരവധി സംഭവ വികാസങ്ങള്‍ സൂര്യനില്‍ നടക്കുന്നുണ്ട്. കൊറോണല്‍ മാസ് ഇജക്ഷനുകളുടെ ചലനശക്തി, ഉത്ഭവം, ഉറവിടം, ഭൂമി-സൂര്യന്‍ സിസ്റ്റത്തിന്റെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എല്‍1) എന്നിങ്ങനെ സൂര്യന്റെ നിരവധി ഘടകങ്ങളെപ്പറ്റി  ആദിത്യ-എല്‍1 ബഹിരാകാശ പേടകം പഠിക്കുക.

ഭൂമിയില്‍നിന്ന് സൂര്യന്റെ അതേ ദിശയിലായിരിക്കും പേടകം സഞ്ചരിക്കുക. ഇലക്ട്രോ മാഗ്‌നെറ്റിക് കണിക, മാഗ്‌നെറ്റിക് ഫീല്‍ഡ് ഡിക്ടറ്ററുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളികള്‍ എന്നിവ ആദിത്യ എല്‍ 1 നിരീക്ഷിക്കും. ഏഴ് പേലോഡുകളുമായാണ് ആദിത്യ-എല്‍1 സജ്ജീകരിച്ചിരിക്കുന്നത്. ഇവയില്‍ നാലെണ്ണം സൂര്യനെ വിദൂരമായി മനസിലാക്കുന്നതിനായാണ്.

Leave a Reply

Your email address will not be published. Required fields are marked *