സി. എം. രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ ഇന്ന് ഹാജരാകില്ല1 min read

27/2/23

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന്‌ ചോദ്യംചെയ്യലിനു ഹാജരാകില്ല.  രാവിലെ പത്തരയ്‌ക്ക്‌ ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്‌. എന്നാല്‍, ഇന്നു നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഔദ്യോഗികചുമതലകളുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചു.
മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്‌. നിയമസഭാസേമ്മളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്‌റ്റാഫിനു ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇ.ഡി. നിയമോപദേശം തേടിയേക്കും. 2020 ഡിസംബറില്‍ സ്വര്‍ണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ രവീന്ദ്രന്‌ ഇ.ഡി. നോട്ടീസ്‌ നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ ഹാജരായിരുന്നില്ല.
കോവിഡ്‌ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌, നാലാമതും നോട്ടീസ്‌ ലഭിച്ചപ്പോഴാണു ഹാജരായത്‌. കോവിഡ്‌ ഭേദമായശേഷവും ആശുപത്രിയില്‍ തുടര്‍ന്ന രവീന്ദ്രനോടു ചോദ്യംചെയ്യലുമായി സഹകരിക്കാന്‍ സി.പി.എം. സംസ്‌ഥാനനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.
രവീന്ദ്രനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സ്‌ഥാപനങ്ങളില്‍ ഇ.ഡി. 2020-ല്‍ റെയ്‌ഡ്‌ നടത്തിയിരുന്നു. ബന്ധുക്കളുടേതടക്കം സ്വത്തുക്കളും പരിശോധിച്ചു. മുഖ്യമ്രന്തിയുടെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു സ്വര്‍ണക്കടത്ത്‌ കേസില്‍ രവീന്ദ്രനെ ചോദ്യംചെയ്‌തതെങ്കില്‍, ഇപ്പോള്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുടെയും ഇരുവരും തമ്മിലുള്ള സ്വകാര്യ വാട്‌സ്‌ആപ്പ്‌ ചാറ്റുകളുടെയും അടിസ്‌ഥാനത്തിലാണു വിളിപ്പിച്ചിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *