13/11/22
തിരുവനന്തപുരം :കേരള ഫിഷറീസ്&സമുദ്ര പഠന (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന ഹർജിയിയിൽ ഹൈക്കോടതി നാളെ വിധി പറയും.
സാങ്കേതിക സർവ്വകലാശാല വിസി നിയമനം, നിയമനതീ യതിമുതൽ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം തീർപ്പ് കല്പിക്കുന്ന ഹർജ്ജിയിലാണ് നാളെ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക.
കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് വാദം.എറണാകുളം സ്വദേശിയായ ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് ഹർജിക്കാർ. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പി.എച്ച്.ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതിയില്ലാത്തവരുണ്ടായിരുന്നുവെന്നും ഒരാളുടെ പേര് മാത്രമാണ് ശുപാർശ ചെയ്തതെന്നും ഹർജിക്കാർ ആരോപിക്കുന്നുണ്ട്.
എന്നാൽ കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും അതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം.