റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് വഴി അധിക വരുമാനം 16 കോടി: മന്ത്രി മുഹമ്മദ്‌ റിയാസ്1 min read

തിരുവനന്തപുരം :രണ്ടര വർഷം കൊണ്ട് സംസ്ഥാനത്തെ സർക്കാർ റസ്റ്റ് ഹൗസുകൾ ഓൺലൈൻ ബുക്കിംഗിലൂടെ നേടിയ അധിക വരുമാനം 16 കോടി രൂപയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച വിശ്രമ മന്ദിരത്തിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ റസ്റ്റ് ഹൗസുകളെ കൂടുതൽ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബറിൽ ആരംഭിച്ച ഓൺലൈൻ ബുക്കിംഗ് സംവിധാനം മൂന്ന് ലക്ഷത്തിലധികം പേരാണ് ഉപയോഗിച്ചത്.
സംസ്ഥാനത്തെ 156 റസ്റ്റ് ഹൗസുകളെയും പീപ്പിൾസ് റസ്റ്റ് ഹൗസുകൾ ആക്കുന്ന നടപടി ശക്തമായി തുടരും. റസ്റ്റ് ഹൗസുകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 25 ശതമാനം അവയുടെ തന്നെ പരിപാലനത്തിനായി നീക്കിവെക്കണം എന്ന നയം സ്വീകരിച്ചിട്ടുണ്ട്. മറ്റ് സ്വകാര്യ സ്ഥലങ്ങളിൽ ലഭിക്കുന്നതിനെക്കാൾ സൗകര്യത്തോടെ, പകുതി തുകയ്ക്കാണ് സർക്കാർ റസ്റ്റ് ഹൗസുകളിൽ മുറികൾ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ചടങ്ങിൽ അധ്യക്ഷനായി.

നെടുമങ്ങാട് നേരത്തെ ഉണ്ടായിരുന്ന റസ്റ്റ് ഹൗസിന് സമീപത്തായി 6.58 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 15,871 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ മൂന്ന് നിലകളിലായി നാല് എ.സി സ്യുട്ട് മുറികൾ , അഞ്ച് സാധാരണ മുറികൾ, മൂന്ന് ലോബി, മാനേജർ റൂം, കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ഡൈനിംഗ്, പാൻട്രി, കോമൺ ടോയ്ലറ്റ്- വാഷ് ഏരിയ , പോർച്ച് എന്നിവ ഉണ്ട്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി നടക്കുന്ന വേളയിൽ മരണപ്പെട്ട ആദ്യ കരാറുകാരൻ എസ്. കെ അനിൽകുമാറിന്റെ കുടുംബത്തെ മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ ആദരിച്ചു.

നെടുമങ്ങാട് റസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ബീന. എൽ, തിരുവനന്തപുരം കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷൈല യു.എസ്സ് , പൊതുമരാമത്ത് കെട്ടിട വിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ ലൈജു എം.ജി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *