തിരുവനന്തപുരം :ധന മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ തലസ്ഥാന ജില്ലയ്ക്ക് മെട്രോ ട്രെയിൻ മുതൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അനുബന്ധ വികസന പ്രവർത്തനങ്ങൾ വരെയുള്ള വൻകിട പദ്ധതികൾ. നാവായിക്കുളം മുതൽ വിഴിഞ്ഞം വരെയുള്ള നിർദിഷ്ട ഔട്ടർ റിംഗ് റോഡ് വേഗത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുന്ന ബഡ്ജറ്റിൽ വിഴിഞ്ഞം പദ്ധതി പ്രദേശത്തിന് ചുറ്റും സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കുമെന്നും കൂട്ടിച്ചേർക്കുന്നു. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടിമുടി മാറ്റുന്ന നിരവധി പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
*വിഴിഞ്ഞം തുറമുഖം*
*ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കുന്ന വിഴിഞ്ഞം അന്തർദേശീയ തുറമുഖം മെയ് മാസത്തിൽ പ്രവർത്തനം തുടങ്ങും.
*മൂന്ന് തരത്തിലുള്ള പ്രവർത്തനങ്ങളാണ് വിഴിഞ്ഞത്ത് പുരോഗമിക്കുന്നത്.
*ആദ്യത്തേത് തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ്. യാർഡ്, ബെർത്ത്, ബ്രേക്ക് വാട്ടർ, ഓഫീസ് കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു.
*രണ്ടാമത്തേത് അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ്. റോഡ് -റെയിൽ കണക്ടിവിറ്റി, വൈദ്യുതി, കുടിവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം.
*വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള തിരുവനന്തപുരത്തിന്റെ നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡിന്റെയും വികസന ഇടനാഴിയുടെയും സമയബന്ധിതമായ നിർമാണം ഉറപ്പാക്കും. ആവശ്യമായ സ്ഥലം ലഭ്യമാക്കും. ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും പ്രദേശവാസികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും.
*1970ൽ ചൈനയിൽ രൂപംകൊണ്ട ഡെവലപ്മെന്റ് സോൺ എന്ന ആശയത്തിന്റെ മാതൃകയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചും സ്വകാര്യ നിക്ഷേപം സ്വീകരിച്ചും സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കും.
*തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനും സംരംഭകരെ ആകർഷിക്കുവാനും അന്തർദേശീയ നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും സംഘടിപ്പിക്കും
*ടൗൺഷിപ്പുകൾ, റസിഡൻഷ്യൽ ഏരിയകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണ ശാലകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങി വിപുലവും സമഗ്രവുമായ ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റും.
*വിഴിഞ്ഞം മേഖലയിൽ അതിദരിദ്രരെന്ന് കണ്ടെത്തിയ കുടുംബങ്ങളെ പ്രത്യേക പരിഗണന നൽകി ദാരിദ്ര്യമുക്തരാക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രദേശവാസികളുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ 5 വർഷം കൊണ്ട് നിർമ്മാർജ്ജനം ചെയ്യുന്ന തരത്തിൽ ഒരു പ്രവർത്തന പദ്ധതി നടപ്പിലാക്കും. മത്സ്യമേഖലയിൽ ഉയർന്നുവരുന്ന ആധുനിക തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ പ്രാദേശിക ജനവിഭാഗങ്ങൾക്ക് നൈപുണ്യ പരിശീലനം നൽകും.
*വിഴിഞ്ഞം തുറമുഖത്ത് നിന്നും കയറ്റുമതി ഉയർത്തുന്നതിന് ലോകബാങ്ക് പിന്തുണയോടെ 2365 കോടിയുടെ കെ.ഇ.ആർ.എ പദ്ധതി
*മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ*
*തിരുവനന്തപുരം മെട്രോ – വൈകാതെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കും. മേജർ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് പ്രത്യേകമായി നീക്കിവച്ചിട്ടുള്ള തുകയിൽ നിന്നും പദ്ധതിയുടെ ചെലവിലേക്ക് പണം അനുവദിക്കും.
*തിരുവനന്തപുരത്ത് കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന കേരളീയം പരിപാടിക്കായി 10 കോടി രൂപ
*ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 250 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കും. വായ്പകൾ എടുക്കാനും സർവകലാശാലയ്ക്ക് അനുമതി നൽകും. സ്ഥിരം സ്‌കോളർഷിപ്പ് ഫണ്ടിലേക്ക് 10 കോടി.
*എ.പി.ജെ അബ്ദുൽകലാം സർവകലാശാലയുടെ കീഴിൽ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങും. സർവകലാശാലയ്ക്ക് ഏറ്റെടുത്ത സ്ഥലത്ത് 71 കോടി രൂപ ചെലവിൽ ആസ്ഥാന മന്ദിരം.
*ദേശീയ – അന്തർദേശീയ തലത്തിലുള്ള ഇവന്റുകൾക്ക് വേദിയാകാൻ കേരളത്തിലെ 11 സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്ന പദ്ധതിയിൽ വർക്കലയും.
*മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണം ഉൾപ്പെടെ വിവിധ പ്രവൃത്തികൾക്ക് സംസ്ഥാന വിഹിതമായി 10 കോടി രൂപ വകയിരുത്തി.
*പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടികൾക്കായി 5 കോടി രൂപ
*തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 15 കോടി രൂപയും മെഡിക്കൽ ഡിവൈസസ് പാർക്കിന് 20 കോടി രൂപയും ഉൾപ്പടെ ലൈഫ് സയൻസ് പാർക്കിന് 35 കോടി രൂപ
*കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ രണ്ടാം ഘട്ട നിർമാണത്തിനായി 12.50 കോടി രൂപ
*കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾക്കായി 23.51 കോടി, ഐ.ഐ.ഐ.ടി.എം.കെയുടെ പ്രവർത്തനങ്ങൾക്കായി 18.95 കോടി രൂപ
*ടെക്നോപാർക്കിന്റെ വികസന പ്രവർത്തനങ്ങൾക്കായി 27.47 കോടി
*ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിനെ മുൻനിര ഗവേഷണ സ്ഥാപനമായി മാറ്റുന്നതിന് ധനസഹായമായി 5.28 കോടി
*ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനങ്ങൾക്കായി 12.90 കോടി
*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയ്ക്ക് 50 കോടി രൂപ
*റീജീയണൽ ക്യാൻസർ സെന്ററിന് 73 കോടി രൂപ
*തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജ് 125-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കോളേജിലെ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഒരു കോടി രൂപ
*തിരുവനന്തപുരം, തൃശൂർ മൃഗശാലകളുടെ നവീകരണത്തിന് 7.50 കോടി രൂപ
*തിരുവനന്തപുരം തോന്നയ്ക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിന്റെ പ്രവർത്തനങ്ങൾക്ക് 70 ലക്ഷം രൂപ
*തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി 6.60 കോടി രൂപ
*തിരുവനന്തപുരത്തെ ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറി, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ റീജിയണൽ ലബോറട്ടറികൾ, പത്തനംതിട്ടയിലെ ജില്ലാ ലബോറട്ടറി എന്നിവ നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിനും 7 കോടി രൂപ
*റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി തിരുവനന്തപുരം, കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് തിരുവനന്തപുരം, മെഡിക്കൽ കോളേജുകൾ എന്നിവയുടെ സമഗ്ര വികസനത്തിനായി 217.40 കോടി രൂപ
*തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്ന പുതിയ പദ്ധതിക്കായി 29 കോടി രൂപ
*തൃശൂർ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ‘സ്ട്രോക് സെന്ററുകൾ’ സ്ഥാപിക്കുന്നതിന് 3.50 കോടി രൂപ
*കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ സ്പോർട്സ് ഇൻജുറി ട്രീറ്റ്‌മെന്റ് ഡിവിഷനും സ്പോർട്‌സ് പെർഫോമൻസ് ഇംപ്രൂവ്മെന്റ് ഡിവിഷനും സ്ഥാപിക്കുന്ന പുതിയ പദ്ധതിക്കായി ഒരു കോടി രൂപ
*തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)യ്ക്കുള്ള ഗ്രാന്റായി നാലുകോടി രൂപ
*വെള്ളായണിയിലുളള അയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്‌കൂൾ ഉൾപ്പടെയുളള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളുടെ നടത്തിപ്പിന് 15 കോടി രൂപയും വകയിരുത്തി.