തിരുവനന്തപുരം: ഓണക്കാലം എത്തുന്നതോടെ മദ്യക്കച്ചവടം ഉഷാറാക്കാനുള്ള നിർദേശങ്ങളുമായി ബവ്കാ. ബ്രാൻഡ് നിർബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നുള്ളതാണ് പ്രധാന നിർദേശമായി പറഞ്ഞിരിക്കുന്നത്.
ജനപ്രിയ ബ്രാന്‍ഡുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും എംഡിയുടെ മുന്നറിയിപ്പുണ്ട്.
ഓണക്കച്ചവടത്തിൽ കുറവൊന്നും വരാതിരിക്കാനുള്ള ശ്രമമാണ് ബെവ്കോ നടത്തുന്നത്. ഉത്സവ സീസണിൽ റെക്കോഡ് വില്പന പതിവാണ്.
അതിൽ മാറ്റം ഉണ്ടാകാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ബെവ്കോ. വെയ്ർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്കുള്ള നിർദ്ദേശം, ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം.
സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാൻഡും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം തന്നെ നൽകണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങളുടെ ഒഴുക്ക്.
ഡിജിറ്റൽ ഇടപാടിൽ മുന്നിൽ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വില്പന കൂടുതലുള്ള ഓണം സീസണിൽ ജീവനക്കാർ അവധിയെടുക്കാൻ പാടില്ല.
ബാങ്ക് അവധിയായ ദിവസങ്ങളിൽ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുമ്പ് വെയ്ർ ഹൗസുകളിൽ എത്തിക്കണം. എല്ലാം ശരിയായി നടക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാൻ മിന്നൽ പരിശോധനകളുണ്ടാകുമെന്ന മുന്നറിയിപ്പും കൂടെ നൽകിയിട്ടുണ്ട്.