തിരുവനന്തപുരം : അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ് . കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യമെന്ന് അറിയിപ്പിൽ പറയുന്നു. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു.
പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന്
ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടക്കും.ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം.
ഓൺലൈൻ ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വ്യക്തിഗതമായി സംഘടിപ്പിക്കുന്ന ക്വിസിൽ എല്ലാവരും ഒരേ സമയത്തായിരിക്കും മൽസരിക്കുന്നത്.
ആകെ 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കൻഡായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും.
മൽസരത്തിന്റെ വിശദാംശങ്ങൾ കേരളീയം വെബ്സൈറ്റിൽ ലഭ്യമാണ്.
കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും. തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന കേരളീയം മെഗാക്വിസ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ വിജയികൾക്ക് അവസരമുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈനായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഓൺലൈൻ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യാനായി ഇതോടൊപ്പം ചേർത്തിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യുക.