ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ ആശയങ്ങളുമായി പൊതുജനാരോഗ്യം സെമിനാര്‍1 min read

 

തിരുവനന്തപുരം :ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ആശയ രൂപീകരണത്തിന് വേദിയായി കേരളത്തിലെ പൊതുജനാരോഗ്യം – സെമിനാര്‍. ആരോഗ്യ രംഗത്ത് ലോകത്തിനു തന്നെ കേരളം മാതൃകയാകുമ്പോഴും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ കാണാതെ പോകരുതെന്ന് സെമിനാര്‍ പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ പങ്കെടുത്തവരും ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എപിഎം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി.

മുന്‍ മന്ത്രി പി.കെ. ശ്രീമതി, പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ കെ. ശ്രീനാഥ് റെഡ്ഡി, ജിപ്മര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പബ്ലിക് ഹെല്‍ത്തിലെ ഗ്ലോബല്‍ സ്റ്റിയറിംഗ് കൗണ്‍സില്‍ ഓഫ് ഒ പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്റ് ആന്‍ഡ് അഡ്ജന്‍ക്റ്റ് ഫാക്കല്‍റ്റി ഡോ.ടി. സുന്ദര രാമന്‍, അമേരിക്കയിലെ ജെഫേഴ്സണ്‍ മെഡിക്കല്‍ കോളേജ് എം. ഡി. ഡോ.എം. വി. പിള്ള, പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ.എം. ആര്‍. രാജഗോപാല്‍, ഹെല്‍ത്തിയര്‍ സൊസൈറ്റീസ്, ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ദേവകി നമ്പ്യാര്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി എമിറേറ്റ്സ് പ്രൊഫസര്‍, ഡോ.വി രാമന്‍കുട്ടി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല എന്നിവരാണ് സെമിനാറില്‍ പാനലിസ്റ്റുകളായത്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് രണ്ടാം കേരള മോഡലിന്റെ ഭാഗമായി ആരോഗ്യരംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സെമിനാറില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളും ആശയങ്ങളും സ്വാംശീകരിച്ച് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തും. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും കൃത്യമായ വിനിയോഗം ഉറപ്പാക്കുന്നതിന് ആശുപത്രി സൗകര്യങ്ങളുടെ മാപ്പിംഗ് നടന്നുവരികയാണ്. നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍
ചികിത്സാ മേഖലയില്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് നിപ്പാ ഗവേഷണ കേന്ദ്രം ആരംഭിക്കുകയാണ്. തോന്നയ്ക്കലിലെ ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഡെംഗി പോലുള്ള പകര്‍ച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഇവിടെ ആരംഭിക്കും. ആയുര്‍വേദ ഗവേഷണ കേന്ദ്രം കണ്ണൂരില്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മുന്‍മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. ആദിവാസികള്‍, ഭിന്നശേഷി, മത്സ്യ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും തുല്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്നും പ്രൊഫ. ശ്രീനാഥ് റെഡ്ഢി പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിനൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് പരിഗണന നല്‍കണമെന്നും ഇതിനായി കേരളം നടപ്പാക്കുന്ന പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കണമെന്ന് ഡോ. സുന്ദരരാമന്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ രേഖകളുടെ കേന്ദ്രീകൃത ഡേറ്റാബാങ്ക് തയ്യാറാക്കണമെന്ന് ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു. ആയുര്‍ ദൈര്‍ഘ്യത്തിലെ മുന്നേറ്റം കൊണ്ട് വാര്‍ധക്യത്തിലേക്ക് നീങ്ങുന്ന വലിയൊരു ജനത ഇവിടുണ്ട്. അവരുടെ പരിചരണം പ്രധാനമാണ്.

ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് ഡോ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ഡോ. ദേവകി നമ്പ്യാര്‍ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ ചെലവിനായി വകയിരുത്തുന്ന തുക വര്‍ധിപ്പിക്കണമെന്ന് ഡോ. വി. രാമന്‍കുട്ടി നിര്‍ദേശിച്ചു.

ജെന്‍ഡര്‍ ബജറ്റിംഗ് ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡോ. പി.കെ. ജമീല പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു മോഡറേറ്ററായി. സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്സ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിതേഷും സെമിനാറില്‍പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *