23/7/22
തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സി.പി.എം തീരുമാനം. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ തീരുമാനം ദൗർഭാഗ്യകരമാണെന്നും പാർട്ടി സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഇ.ഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പുവരെ സംസ്ഥാനത്തെ എല്ലാ വികസനപ്രവർത്തനങ്ങളും സ്തംഭിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി.
നിയമവശങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകും. ഇ.ഡിക്ക് മുന്നിൽ ഒരിക്കലും ഹാജരാകില്ലെന്ന നിലപാട് പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.