മലയോര ഹൈവേയിൽ നിന്നും മഞ്ചവിളാകത്തേയ്ക്ക് ബൈ പാസ്1 min read

 

തിരുവനന്തപുരം :മൂന്ന് പഞ്ചായത്തു പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് മലയോര ഹൈവേയിൽ നിന്ന് ബിഎം ബിസി നിലവാരത്തിൽ ഹൈടെക് ബൈപാസ് റോഡ് വരുന്നു. കുന്നത്തുകാൽ ,കൊല്ലയിൽ പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് എള്ളുവിളയിൽ നിന്ന് കോട്ടുക്കോണം നാറാണി മൂവേരിക്കര വഴി തൃപ്പലവൂരിലേക്കും അവിടെ നിന്നും മഞ്ചവിളാകം മുതൽ കോട്ടയ്ക്കൽ പ്രദേശത്തേക്കും ബൈ പാസ് നിർമ്മിക്കുന്നത്.
സി കെ ഹരീന്ദ്രൻ എം എൽ എ യുടെ നിർദ്ദേശപ്രകാരം ബഡ്ജറ്റിലുൾപ്പെടുത്തി ഒൻപത് കോടി ചെലവിൽ നിർമ്മിക്കുന്ന രണ്ടു റോഡുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പിലെ നിർവ്വഹണ ഉദ്യാഗസ്ഥരും ജനപ്രതിനിധികളും സി കെ ഹരീന്ദ്രൻ എം എൽ യുടെ നേതൃത്വത്തിൽ നിർമ്മാണ പ്രദേശത്ത് സ്ഥല പരിശോധന നടത്തി. പ്രദേശവാസികളുമായി സംസാരിച്ചതായും റോഡ് നിർമാണത്തിൽ
യാതൊരു വിധ തടസ്സവാദങ്ങളുമില്ലാതെ നാട്ടുകാർ സഹകരിക്കുന്നതായും എം എൽ എ പറഞ്ഞു.

8 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.
അതിൽ 5.5 മീറ്റർ വീതിയിൽ ബിറ്റുമിൻ മെക്കാഡം റബ്ബറൈസ്ഡ് ടാറിങ് നടത്തും.
റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ തമിഴ്നാട് നിന്നും വെള്ളറട , പനച്ചമൂട് , കാരക്കോണം തുടങ്ങിയ മേഖലകളിൽ നിന്നും അരുവിപ്പുറം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേയ്ക്കുള്ള യാത്ര കൂടുതൽ സുഗമമാവും .

സി കെ ഹരീന്ദ്രൻ എംഎൽഎയോടൊപ്പം കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.അമ്പിളി, വൈസ് പ്രസിഡൻറ് ജി.കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി പത്മകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എസ് റോജി, ഷീബാറാണി, ജയപ്രസാദ്, ഡി.കെ. ശശി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്മിത, നാട്ടുകാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
ഫെബ്രുവരി ആദ്യവാരം പ്രവൃത്തികൾ ആരംഭിച്ച് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നതിനുള്ള ഇടപെടൽ നടത്തിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *