ലോകമാന്യ തിലക് ദേശീയ പുരസ്കാരം, പ്രധാനമന്ത്രി സ്വീകരിച്ചു, ശരത് പവാർ പങ്കെടുത്തു1 min read

1/8/23

മഹാരാഷ്ട്ര :സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര്‍ തിലകിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രശസ്തമായ ലോകമാന്യ തിലക് ദേശീയ പുരസ്കാരം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.തിലകിന്റെ 103-ാം ചരമവാര്‍ഷിക ദിനത്തില്‍ മഹാരാഷ്ട്രയിലെ പുണെയില്‍ നടന്ന ചടങ്ങിലാണ് മോദിക്ക് പുരസ്കാരം സമ്മാനിച്ചത്.

എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവര്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തില്‍ നടന്ന എൻ.സി.പിയിലെ പിളര്‍പ്പിന് പിന്നാലെ ഇതാദ്യമായാണ് മോദിയും പവാറും വേദി പങ്കിടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

ഈ പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞത് ഒരേസമയം അഭിമാനകരവും വികാരപരവുമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ലോകമാന്യ തിലകിന്റെ സംഭാവന കുറച്ചു സംഭവങ്ങളും വാക്കുകളും കൊണ്ട് ചുരുക്കാനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. പുരസ്കാരം രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായും പുരസ്കാരത്തുക നമാമി ഗംഗെ പദ്ധതിക്ക് സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖനായ പവാര്‍, മോദിയ്ക്കൊപ്പം വേദി പങ്കിടുന്നതിനെതിരേ അവരുടെ സഖ്യത്തില്‍നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയൊന്നും കണക്കിലെടുക്കാതെ പവാര്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *