മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കും, രാജ്യം മണിപൂരിനോപ്പമെന്നും മോദി ; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി1 min read

10/8/23

ഡൽഹി :മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി. മോഡിയുടെ മറുപടി പ്രസംഗത്തിന് ശേഷമാണ് പ്രമേയം തള്ളിയത്.

ഭാരത മാതാവ് ‘പരാമർശം മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന് മറുപടിയായി പറഞ്ഞു.മണിപ്പൂരിലെ സ്ത്രീകൾക്കും, കുട്ടികൾക്കും ഒപ്പമാണ് രാജ്യം. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷത്തിന് നന്ദിയെന്നും പറഞ്ഞാണ് മോദി സംസാരിച്ചു തുടങ്ങിയത്. ഇത് സര്‍ക്കാരി‍ന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ പരീക്ഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ജനങ്ങള്‍ ‘അവിശ്വാസം കാണിച്ചു’. 2024 ല്‍ ബിജെപിക്ക് റെക്കോ‍ര്‍ഡ് വിജയം ഉണ്ടാകും. തയ്യാറെടുപ്പോടെ വന്നുകൂടെയെന്ന് രാഹുല്‍‌ ഗാന്ധിയെ പരോക്ഷമായി മോദി പരിഹസിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച്‌ ചിന്തയില്ല. പ്രതിപക്ഷത്തിന്‍റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോദിയുടെ വിമര്‍ശനം. അധിര്‍ ര‌ഞ്ജൻ ചൗധരി നല്ല അവസരം പാഴാക്കിയെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തിന് രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. എന്നാല്‍ രാജ്യത്തെ വികസനവും ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരവുമാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിര്‍ ര‍ഞ്ജൻ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കിയെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. രാജ്യത്തെ യുവാക്കള്‍ക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്കായെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.അതുപോലെ ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ റെക്കോ‍ര്‍ഡ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാണിച്ചു.

ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറ്റിയെന്ന് മോദി പറഞ്ഞു. സ്വച്ഛഭാരത് പദ്ധതിയിലൂടെ മൂന്ന് ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആഗോള ഏജന്‍സികള്‍ ഇന്ന് ഇന്ത്യയെ പ്രശംസിക്കുന്നുവെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

പൊതുമേഖല ബാങ്കുകളുടെ ലാഭം ഇരിട്ടിയായി വര്‍ധിച്ചു. എല്‍ഐസിയും എച്ച്‌എഎല്ലും നശിച്ചുവെന്നായിരുന്നു പ്രതിപക്ഷ പ്രചാരണം. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കണക്കുകള്‍ മോദി നിരത്തി. സര്‍ക്കാരിന്‍റെ മൂന്നാം ഭരണകാലത്ത് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും.2028 ല്‍ പ്രതിപക്ഷത്തിന് വീണ്ടും അവിശ്വാസം കൊണ്ടുവരാമെന്ന് മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *