അമ്മദേവതകളെ ആരാധിക്കുന്ന പാരമ്പര്യം മാനവികതയുടെ ആരംഭം മുതൽ തന്നെയുണ്ട്. പൗരാണികകാലം മുതൽ തന്നെ, ഭാരതത്തിൽ ശക്ത്യാരാധന വളരെ പ്രകടമാണ്. അന്നം തരുന്ന ഭൂമി മുതൽ പ്രകാശത്തിന്റെ സ്രോതസ്സായും ഇവിടെ അമ്മദേവത അഥവാ ദേവിയെ ആരാധിച്ചുവരുന്നു. ദേവിയുടെ സ്മരണ ഇപ്പോഴും അനിവാര്യമെങ്കിലും, വർഷത്തിൽ നാലു തവണ ഋതുഭേദങ്ങളുടെ അടിസ്ഥാനത്തിൽ ഒൻപതു ദിവസങ്ങൾ അതിപ്രധാനമാണ്. ഇതിൽ ആസേതുഹിമാചലം വിവിധ പേരുകളിൽ ആചരിക്കുന്നത് ശരന്നവരാത്രിയാണ്.
സത്യധർമങ്ങളുടെ വിജയമാണ് ആഘോഷിക്കുന്നതെങ്കിലും ഫലത്തിൽ ജീവിതത്തിനു വേണ്ട ശക്തി ആർജിക്കുകയെന്നതാണ് നവരാത്രി പഠിപ്പിക്കുന്നത്. ആയതിനാൽ തന്നെ വിദ്യക്കും നൈപുണ്യത്തിനും ഊന്നൽ നൽകുന്ന ഒരു ആചരണമാണ് കേരളത്തിൽ നടന്നു വരുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്തെ പറയുകയാണെങ്കിൽ ഒരുപക്ഷെ ഓണത്തിനേക്കാൾ ആഘോഷം പൂജാദിനങ്ങളാണെന്നും പറയേണ്ടി വരും. നീലകരിമ്പും പിച്ചിയുടെയും ‘കുമിഞ്ചാന്റെയും’ സുഗന്ധവും ചുണ്ടലും പായസവും ‘മുക്കുകൾ’ തോറുമുള്ള അലങ്കാരവും തോരണവും ദേവീസ്തുതികളും നൽകുന്ന അനുഭൂതി അനന്തപുരിയുടെ സ്വത്വമാണ്. അലങ്കാരവും ആചാരവും ഇവിടെ ഒരുപോലെ സമ്മേളിക്കുന്നു. അതിനു ശ്രീപദ്മനാഭൻ തന്നെ കേന്ദ്രബിന്ദുവും സാക്ഷിയും.
ചേരകാലത്തോളം പഴക്കമുള്ള ചരിത്രമാണ് ‘പൂജവയ്പ്പിനു’ പറയാനുള്ളത്. കമ്പരാമായണത്തിന്റെ കർത്താവായ കവിചക്രവർത്തിയായ കമ്പർ അദ്ദേഹത്തിന്റെ അന്ത്യനാളുകളിലൊന്നിൽ തന്റെ ആരാധ്യദേവതയായ വാഗ്‌വാദിനി വിഗ്രഹം നിത്യോപാസനയ്ക്കു ചേരചക്രവർത്തിക്കു സമ്മാനിച്ചുവെന്നും അതിന്റെ പിന്തലമുറയിലുള്ള തിരുവിതാംകൂറിൽ രാജവംശം അത് തുടർന്ന് പോകുന്നതുമാണ് ഇതിന്റെ സംക്ഷിപ്തം. 1382 ൽ ഉദയമാർത്താണ്ഡവര്മ മഹാരാജാവ് കമ്പാർചിതമായ സരസ്വതിയെ കൽക്കുളം കൊട്ടാരത്തിൽ പ്രതിഷ്ഠിച്ചു ആരാധിച്ചുവന്നു. 1744 ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ ഈ കൊട്ടാരത്തെ നവീകരിച്ചു പദ്മനാഭപുരം കൊട്ടാരമെന്നു പുനർനാമകരണം ചെയ്തു. കൊട്ടാരസമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറേ മൂലയിലാണ് ദേവിയുടെ നവരാത്രി മണ്ഡപവും ശ്രീകോവിലുമുള്ളത്. കുലശേഖരരാജാവ് കമ്പർക്കു നൽകിയ വാക്കുപ്രകാരം രാജാവ് എവിടെയാണോ അവിടെ ദേവിയെ പൂജിക്കണമെന്നു നിർകർഷയുണ്ട്. ഇതാണ് നവരാത്രി എഴുന്നള്ളത്തിന്റെഹേതുവാകുന്നതും.
തിരുവിതാംകൂറിന്റെ സൃഷ്ടിക്കു ശേഷം ധർമ്മരാജാവ് തിരുവനന്തപുരത്തേക്ക് തലസ്ഥാനം മാറ്റിയിട്ടും പദ്മനാഭപുരത്തായിരുന്നു നവരാത്രി ആഘോഷം. ആദ്യമായി തിരുവിതാംകൂറിൽ നവരാത്രി എഴുന്നള്ളത് നടന്നത് 1788 ലാണ്. മാവേലിക്കര കൊട്ടാരത്തിലേക്കുള്ള ആ എഴുന്നള്ളത് പിന്നീട് 1789 1791 1804 എന്നീ വർഷങ്ങളിലും ആവർത്തിച്ചു. ഗർഭശ്രീമാനായ സ്വാതി തിരുനാളാണ് 1839 ൽ തലസ്ഥാനത്തിലേക്കു നവരാത്രി എഴുന്നള്ളത് സ്ഥിരമായി നടത്താൻ ഉത്തരവിട്ടത്. ആയതിലേക്ക് ചിട്ടവട്ടങ്ങളും അദ്ദേഹം തന്നെ ചിട്ടപ്പെടുത്തി.
മുന്നിൽ ഉദിച്ച നങ്ക എന്ന മുന്നുദിത്ത നങ്ക ദേവിയെ ശുചിന്ദ്രത്തിൽ നിന്ന് എഴുന്നള്ളിക്കുന്നതോടു കൂടിയാണ് നവരാത്രി എഴുന്നള്ളത് തുടങ്ങുന്നത്. പിന്നീട് വേളിമലയിലെ കുമാരസ്വാമിയും സരസ്വതി ദേവിയും ചേർന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്നു. പുഴയും വഴിയും കടന്നു, അമ്പലങ്ങളിൽ വിശ്രമിച്ചു മൂന്നു ദിവസം കൊണ്ട് ഘോഷയാത്ര ശ്രീപദ്മനാഭസന്നിധിയിൽ എത്തുന്നു. കുമാരസ്വാമിയുടെ വെള്ളിക്കുതിരയാണ് ഇതിൽ ഏറ്റവും ആകർഷിക്കുന്ന ഘടകം. വേലുത്തമ്പി ദളവ തന്റെ അമ്മയുടെ ആഗ്രഹപ്രകാരം വേളിമലയിൽ സമർപ്പിച്ചതാണിത്. സരസ്വതിയെ കരുവേലപുരമാളികയിലെ ചോക്കട്ട (ചൊൽക്കെട്ടു) മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജയ്ക്കിരുത്തുന്നു. മുൻപ് സരസ്വതിയെ മാത്രമാണ് എഴുന്നള്ളിച്ചരുന്നത്. ഇപ്പോൾ ദേവിമാർക്കു തുണയായി കുമാരസ്വാമിയും ദേവിക്ക് സഖിയായി മുന്നൂറ്റിനങ്കയും എഴുന്നള്ളുന്നു എന്നു വിശ്വസിക്കുന്നു. പല രസകരമായ കഥകളും ഈ വരവിലുണ്ട്.
അതിപ്രസിദ്ധമായ നവരാത്രി കീർത്തനങ്ങൾ പൂജാവയ്പു രാത്രികളിൽ സരസ്വതി ദേവിക്കുള്ള സ്വാതി തിരുനാളിന്റെ സമർപ്പണമാണ്. തോടയ മംഗളത്തിലും ശുദ്ധസാവേരിയിൽ ‘ദേവി ജഗദ്‌ജനനി’ മുതൽ തന്റെ പരദേവതയായ ആറ്റിങ്ങൽ തിരുവാറാട്ടുകാവ് ഭഗവതിയെ പ്രകീർത്തിക്കുന്ന ‘പാഹി പർവതനന്ദിനി’ വരെയാണ് നവരാത്രി കീർത്തനങ്ങൾ എന്നറിയപ്പെടുന്നത്. മുൻകാലങ്ങളിൽ മുല്ലമൂട് ഭാഗവതന്മാർക്കു മാത്രമേ നവരാത്രി മണ്ഡപത്തിൽ പാടാൻ അവസരം ഉണ്ടായിരുന്നുള്ളൂ. പിന്നീട് മഹാസംഗീതജ്ഞർ ഈ വേദിയിൽ തങ്ങളുടെ സമർപ്പണം നടത്തി വരുന്നു. 2006 ൽ അതുവരെ സ്ത്രീകൾക്കു അന്യമായിരുന്ന നവരാത്രി മണ്ഡപവേദിയിൽ കച്ചേരി നടത്തുന്ന ആദ്യവനിതയായി പാറശാല പൊന്നമ്മാൾ വന്നതും ചരിത്രമാണ്. അതുപോലെ 1800 കളിലും 1990 ലും സരസ്വതിയുടെ വിഗ്രഹം മോഷണം പോയതും വലിയ വാർത്ത ഉണ്ടാക്കിയതാണ്.
പൂജയെടുപ്പു നാളിൽ ദേവസേനാപതിയായ കുമാരസ്വാമിയുടെ മുന്നിൽ പള്ളിവേട്ട നടത്താനായി പൂജപ്പുര നവരാത്രി മണ്ഡപത്തിൽ മഹാരാജാവ് എത്തുന്നതാണ് പൂജപ്പുര എഴുന്നള്ളത്. രാജഭരണകാലത്തു ഔദ്യോഗിക ചടങ്ങായിരുന്നു ഇത്. ആറുകുതിരകളെ പൂട്ടിയ തേരിൽ സൈന്യപരിവാരസമേതം മഹാരാജാവ് പൂജപ്പുരയിലെത്തി വേഷം മാറി ആചാരപ്രകാരം കരിക്കുകളിൽ അമ്പെയ്യ്തു നടത്തുന്നു. തിരിച്ചു കരുവേലപുരമാളികയിൽ എത്തുന്ന രാജാവ്, താഴെ നിൽക്കുന്ന സാധുക്കൾക്ക് വെള്ളിപ്പണം വർഷിച്ചു ചടങ്ങു ഉപസംഹരിക്കുന്നു. പിറ്റേന്ന് നല്ലിരിപ്പു കഴിഞ്ഞു ദേവതകൾ തങ്ങളുടെ ക്ഷേത്രങ്ങളിലേക്കു മടങ്ങുന്നു. തിരിച്ചുപോക്കിൽ മൂന്ന്കുത്തു പട്ട്, ശരപ്പൊളിമാല, മൂവ്വായിരപ്പണം മുതലായ കാണിക്കകൾ നൽകിയാണ് രാജാവ് യാത്രയാക്കിയിരുന്നത്.
നാഞ്ചിനാടും കേരളവും തമ്മിലുള്ള അഗാധമായ പൈതൃകബന്ധത്തെ ഓർമിപ്പിക്കുകയാണ് ഇന്നത്തെ നവരാത്രി ഘോഷയാത്ര. രാഷ്ട്രീയത്തിന്റെ കത്തിയിൽ നിന്നും ഇന്നും മുറിയാത്ത ഒരാത്മബന്ധം ഇവിടെ വെളിവാകുന്നു. ഓരോ പൂജവയ്പ്പും പഴയനല്ലകാലത്തിന്റെ ഓര്മകളോടൊപ്പം മാതൃഭാഷ അന്യമാകുന്ന ഒരു പറ്റം മനുഷ്യരുടെ നൊമ്പരം കൂടിയാണ് നൽകുന്നത്. ദൂസരമായ കാലങ്ങളിലും എന്നും നവമായി ഒരു ജനതയുടെ ഒത്തുചേരലായി നവരാത്രികൾ കാലങ്ങളായി കടന്നുപോകുന്നു….
അശ്വിൻ സലിജ ശ്രീകുമാർ